തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞുവെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. ചേന്തിയില്‍ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞിട്ടില്ലെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു. മുഖ്യമന്ത്രിയെ തടയാന്‍ ആലോചിച്ചിട്ടു പോലുമില്ല. അവിടെ ഉണ്ടായിരുന്നവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയവരാണ്. ചേന്തി ഗുണ്ട ആയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് കൊടി ഉയര്‍ത്താനാണെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.
മുഖ്യമന്ത്രിയെ തടഞ്ഞു എന്നത് പൊലീസ് ഉണ്ടാക്കിയ ജപ്പാന്‍ കഥകളാണെന്ന് പറഞ്ഞ അദ്ദേഹം, ചേന്തി അനില്‍ ഗുണ്ടയാണെന്ന് പറയേണ്ടത് പൊലീസ് അല്ല കോടതിയാണെന്നും വ്യക്തമാക്കി. ചേന്തി അനിലിനെ ആദ്യമായിട്ടല്ല താന്‍ കാണുന്നത്. ചേന്തി അനില്‍ ചാരായം വില്പന നടത്തുകയല്ല ചെയ്യുന്നത്. കോടതി ചെയ്യേണ്ട ജോലി പോലീസ് ചെയ്യേണ്ടതില്ല. ചേന്തിയില്‍ കൂടിയിരുന്നത് മഹാഭൂരിപക്ഷവും കോണ്‍ഗ്രസുകാരാണ്. ചേന്തിയില്‍ ആയുധവുമായി ആരും എത്തിയിരുന്നില്ല. തടയാന്‍ ആണെങ്കില്‍ പൈപ്പും കല്ലും റോഡില്‍ വച്ചാ മതിയായിരുന്നല്ലോ.തടയുമെന്ന് വിവരം കിട്ടിയിരുന്നെങ്കില്‍ റൂട്ട് മാറ്റേണ്ടത് പൊലീസ്. പൊലീസിന്റെ ഷോയെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. മുഖ്യമന്ത്രിക്ക് തെറ്റായ വിവരം ആരെങ്കിലും നല്‍കിയിട്ടുണ്ടോയെന്നും ചേന്തി അനിലിനോട് മുഖ്യമന്ത്രി ക്ഷമിക്കുമെന്നാണ് വിശ്വാസമെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.











