കൊച്ചി: അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൊച്ചി വൈപ്പിൻ മുരുക്കുംപാടം സ്വദേശി മോഹൻദാസാണ് മരിച്ചത്. അഭിഭാഷകനായ ഡോൾഗോയോടുള്ള വിരോധത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിതാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റർ, ഡൈനാസ്റ്റർ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഹൻദാസിന്റെ മരണത്തെ തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം 13-നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. അന്നുമുതൽ മോഹൻദാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൈനാസ്റ്ററിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ അഭിഭാഷകനായ ഡോൾഗോ വക്കാലത്തെടുത്ത് കോടതിയിൽ ഹാജരായതോടെയാണ് പ്രതികൾ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത്. എന്നാൽ കേസ് നിയമപരമായി മുന്നോട്ടുകൊണ്ടുപോയതിനെ തുടർന്ന് പ്രതികൾ അഭിഭാഷകന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.
മോഹൻദാസിനെയും ഭാര്യയെയും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റത്. പ്രതികൾ അദ്ദേഹത്തിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
അഭിഭാഷകന്റെ വീടുകയറിയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് അന്ന് അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചിരുന്നു. എറണാകുളം ജില്ലാ ബാർ അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും നടന്നിരുന്നു. പ്രതികൾക്കെതിരെ നേരത്തെ വധശ്രമത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മോഹൻദാസിന്റെ മരണത്തോടെ കേസ് കൊലക്കുറ്റമായി മാറ്റുമെന്ന് പൊലീസ് അറിയിച്ചു.











