റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ സംഘം മലയാളി ഡ്രൈവറെ ആക്രമിച്ച് പണവും വാഹനവും കവർന്നു. കായംകുളം സ്വദേശി ഷെമീറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
നാല് ബംഗ്ലാദേശ് പൗരന്മാരാണ് യാത്രക്കാരെന്ന വ്യാജേന ഷെമീറിന്റെ കാറിൽ കയറിയത്. തുടർന്ന് എക്സിറ്റ് 18ന് സമീപത്തെ വിജനമായ പ്രദേശത്തേക്ക് ഇയാളെ കൊണ്ടുപോയ സംഘം മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. പണവും വാഹനവും കവർന്ന ശേഷം ഷെമീറിനെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
ഗുരുതരാവസ്ഥയിൽ റോഡരികിൽ കണ്ടെത്തിയ ഷെമീറിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ തലയ്ക്കും താടിയെല്ലിനും കാലിനും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കവർന്ന വാഹനം പിന്നീട് ബത്ഹയിൽ നിന്ന് കണ്ടെത്തിയെങ്കിലും നാല് ടയറുകളും ബാറ്ററിയും അഴിച്ചെടുത്ത നിലയിലായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെമീറിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യൻ വെൽഫെയർ വിഭാഗം ഭാരവാഹികൾ സന്ദർശിച്ചു. നിസാർ അഞ്ചൽ, മുബഷിർ സഖാഫി, ഹനീഫ മാസ്റ്റർ, സാബു സിദ്ദീഖ് എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.
സ്പോൺസറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഷെമീറിനെ തുടർചികിത്സയ്ക്കായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വിമാന ടിക്കറ്റ് ഐ.സി.എഫ് റിയാദ് റീജ്യൻ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ സൗദി പൊലീസ് അന്വേഷണം തുടരുകയാണ്.


