ഹൈദരാബാദ്: മലേറിയ പ്രതിരോധത്തിന്റെ ഭാഗമായി വിതരണം ചെയ്ത ക്ലോറോക്വിൻ ഗുളിക കഴിച്ചതിന് പിന്നാലെ ഏഴ് വയസുകാരി മരിച്ചതായി കുടുംബത്തിന്റെ ആരോപണം. ആന്ധ്രാപ്രദേശിലെ പോളവാരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ് കുടുംബം പറയുന്നത്.
അതേസമയം, കുട്ടിയുടെ മരണകാരണം ക്ലോറോക്വിൻ ഗുളികയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മരുന്ന് കഴിച്ച 52 പേരാണ് നിലവിൽ ആശുപത്രികളിലും പ്രാദേശിക ആരോഗ്യകേന്ദ്രത്തിലുമായി ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
തെലങ്കാന അതിർത്തിയോട് ചേർന്നുള്ള ഗൊല്ലഗുപ്പ ഗ്രാമത്തിൽ മലേറിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 71 പേർക്കാണ് ക്ലോറോക്വിൻ ഗുളികകൾ വിതരണം ചെയ്തത്.
ഗുളിക കഴിച്ചതിന് പിന്നാലെ നിരവധി പേർക്ക് ഛർദ്ദി, തലകറക്കം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്ന് 29 പേരെ തെലങ്കാനയിലെ വിവിധ ആശുപത്രികളിലേക്കും 24 പേരെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിലേക്കും മാറ്റി.
മരിച്ച മദിവി ജമുന (7) രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
സംഭവത്തെ തുടർന്ന് മൂന്ന് ശിശുരോഗ വിദഗ്ധർ ഉൾപ്പെടെയുള്ള പ്രത്യേക മെഡിക്കൽ സംഘത്തെ ജില്ലാ ഭരണകൂടം മേഖലയിൽ വിന്യസിച്ചു. പ്രദേശത്ത് മെഡിക്കൽ ക്യാമ്പും ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടർ ദിനേശ് കുമാർ അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിർദേശം നൽകി. ചികിത്സയിലുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി സംസാരിക്കുകയും സംഭവത്തിന്റെ സാഹചര്യം, രോഗികൾക്ക് നൽകുന്ന ചികിത്സ, നിലവിലെ ആരോഗ്യനില എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ തേടുകയും ചെയ്തു.



