ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം. അഷ്ടമി രോഹിണി ദിനമായ സെപ്റ്റംബർ നാലിന് ഗുരുവായൂരിൽ വിവിധ കലാപരിപാടികൾ നടക്കും. രാത്രി 8.30ന് സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.
അഷ്ടമി രോഹിണി ദിനത്തിലെ അഭൂതപൂർവമായ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിൽ ദർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറുമുതൽ വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനാണ് നടപടി.
സീനിയർ സിറ്റിസൺ ദർശനം പുലർച്ചെ 4.30 മുതൽ 5.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയും അനുവദിക്കും. തദ്ദേശീയർക്ക് നിലവിലെ സമയക്രമം അനുസരിച്ച് ദർശനം നടത്താം. മറ്റ് സമയങ്ങളിൽ പൊതുവരിസംവിധാനം മാത്രമായിരിക്കും. ക്ഷേത്രത്തിൽ വിശേഷാൽ കാഴ്ചശീവേലി നടക്കുന്നതിനാൽ ശയനപ്രദക്ഷിണത്തിനും ദർശനത്തിനും നിയന്ത്രണമുണ്ടാകും.
ദർശനം പൂർത്തിയാക്കിയ ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തേക്ക് പോകണം. നിലവിലെ ക്യൂ സംവിധാനം അപര്യാപ്തമാകുന്ന സാഹചര്യത്തിൽ കിഴക്കേ നടപ്പുരയിലും പൂന്താനം ഹാളിലും അധിക ക്യൂ സംവിധാനം ഒരുക്കും.
ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് സ്പെഷ്യൽ ദർശനം അനുവദിക്കും. നിർമ്മാല്യം മുതൽ ദർശനത്തിനുള്ള ക്യൂ പതിവുപോലെ ഫ്ലൈഓവർ വഴി ക്ഷേത്രത്തിലേക്ക് ക്രമീകരിക്കും. സീനിയർ സിറ്റിസൺ, ഭിന്നശേഷിക്കാർ എന്നിവർക്ക് കൊടിമരം വഴി ദർശനത്തിന് സൗകര്യമുണ്ടാകും.
വിശേഷാൽ കാഴ്ചശീവേലി
അഷ്ടമി രോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും നടക്കുന്ന വിശേഷാൽ എഴുന്നള്ളിപ്പിന് ദേവസ്വം ഗജവീരൻ ഇന്ദ്രസെൻ സ്വർണക്കോലം ഏന്തും. ഗോപാലകൃഷ്ണൻ, വിനായകൻ എന്നീ ദേവസ്വം ആനകൾ പറ്റാനകളാകും. അപ്പവും പാൽപ്പായസവുമാണ് അഷ്ടമി രോഹിണി ദിനത്തിലെ പ്രധാന വഴിപാടുകൾ.
വിശേഷാൽ പ്രസാദമൂട്ട്
ഗുരുവായൂരപ്പന് നേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിഭവങ്ങൾ അടങ്ങിയ വിശേഷാൽ പ്രസാദമൂട്ടാണ് അഷ്ടമി രോഹിണി ദിനത്തിലെ മറ്റൊരു പ്രധാന പ്രത്യേകത. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായവറവ്, അച്ചാർ, പുളിയിഞ്ചി, പപ്പടം, മോര്, പാൽപ്പായസം എന്നിവയാണ് പ്രസാദമൂട്ടിൽ ഉൾപ്പെടുക.
രാവിലെ ഒൻപതിന് പ്രസാദമൂട്ട് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രസാദമൂട്ടിനുള്ള വരിനിൽപ്പ് അവസാനിപ്പിക്കും. അന്നലക്ഷ്മി ഹാളിലും സമീപത്തെ താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും സമീപത്തായി ഒരുക്കുന്ന പന്തലിലുമാണ് പ്രസാദമൂട്ട് വിതരണം ചെയ്യുക.
അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തും തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലേക്കുള്ള ക്യൂ പട്ടർകുളത്തിന് വടക്കുഭാഗത്തും ക്രമീകരിക്കും. ദേവസ്വം ജീവനക്കാർക്ക് പുറമെ 150 പ്രഫഷണൽ വിളമ്പുകാരെയും പ്രസാദമൂട്ട് വിതരണത്തിനായി നിയോഗിച്ചിട്ടുണ്ട്.




