കൊച്ചി: ഒന്നരമാസമായി സ്‌പൈസ് ജെറ്റ് വിമാന സർവീസുകളിലെ തുടർച്ചയായ വൈകലിൽ യാത്രക്കാർ ദുരിതത്തിൽ. 10 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ വിമാനങ്ങൾ വൈകുന്നതായാണ് യാത്രക്കാരുടെ പരാതി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് പല സർവീസുകളും വൈകുന്നതെന്നും യാത്രക്കാർ ആരോപിച്ചു.
സർവീസുകൾ വൈകുന്നതോടെ ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങുന്നത്. ജോലി ആവശ്യങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി വിദേശത്തേക്ക് പോകേണ്ട യാത്രക്കാരും കൃത്യമായ വിവരങ്ങൾ ലഭിക്കാതെ പ്രതിസന്ധിയിലാകുകയാണ്.
മോശം കാലാവസ്ഥയാണ് വിമാന സർവീസുകൾ വൈകാൻ കാരണമെന്നാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. എന്നാൽ ഈ വാദം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ പൂർണമായും തള്ളി.
വിമാനം വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കാത്തിരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സർവീസ് വൈകുന്നതിനെതിരെ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയും കുടിശ്ശിക ബാധ്യതകളും സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക നിലനിൽക്കുന്നതായും ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതികളുമുണ്ട്.




