ആലപ്പുഴ: ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി ജി. സുധാകരൻ എംഎൽഎ നടത്തിയ ആരോപണത്തിൽ വിതുമ്പിക്കരഞ്ഞ് സിപിഐഎം നേതാവ്. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എം.എം. അനസ് അലിയാണ് ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ വികാരാധീനനായത്.
ജി. സുധാകരന്റെ ആരോപണത്തിന് പിന്നാലെ തനിക്കും കുടുംബത്തിനും കടുത്ത മാനസിക സമ്മർദമാണ് നേരിടേണ്ടിവരുന്നതെന്ന് അനസ് അലി പറഞ്ഞു. കുടുംബത്തിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ്. ഭാര്യ മൂന്ന് ദിവസമായി ജോലിക്ക് പോകുന്നില്ലെന്നും പിതാവിന് പള്ളിയിൽ പോകാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണം ജി. സുധാകരന് തെളിയിക്കാൻ കഴിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് അനസ് അലി വ്യക്തമാക്കി. ആരോപണം തെളിയിക്കാനായില്ലെങ്കിൽ ജി. സുധാകരൻ പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ആരോപണവുമായി ബന്ധപ്പെട്ട് ജി. സുധാകരന് വക്കീൽ നോട്ടീസ് അയച്ചതായും അദ്ദേഹം അറിയിച്ചു.
ആക്ഷേപം തുടരുകയാണെങ്കിൽ ജി. സുധാകരനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അനസ് അലി മുന്നറിയിപ്പ് നൽകി. സുധാകരന്റെ നിഴലായി കൂടെ നടന്നയാളാണ് താനെന്നും ഇനിയും തനിക്കെതിരെ പരാമർശങ്ങൾ ഉണ്ടായാൽ തനിക്കും നിരവധി കാര്യങ്ങൾ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ വെളിപ്പെടുത്തലുകൾ നടത്തിയാൽ ജി. സുധാകരന് തലയിൽ മുണ്ടിട്ട് പോകേണ്ട സാഹചര്യമുണ്ടാകുമെന്നും അനസ് അലി പ്രതികരിച്ചു. അതേസമയം, അനസ് അലിക്ക് ലഹരിമാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ജി. സുധാകരൻ ഉന്നയിച്ചത്. ആരോപണങ്ങൾ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.




