വളരും മുന്നേ പിളരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടിയെന്ന സിജെപി. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ട് എന്നയാളാണ് അഭിജിത് ദീപ്കെയോട് ഉടക്കി ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്. സി.ജെ.പി സ്ഥാപകനായ ദിപ്കെ സമരക്കാരെ അവഗണിക്കുകയും, യുവാക്കൾ നയിച്ചിരുന്ന പ്രസ്ഥാനത്തെ തനിക്ക് പ്രിയപ്പെട്ടവരുടെ ഒരു ‘ടീം കേജ്രിവാൾ’ ആയി മാറ്റുകയും ചെയ്തുവെന്നതാണ് ബ്രഹ്മഭട്ടിന്റെ പ്രധാന ആരോപണം. മുൻപ് ആം ആദ്മി പാർട്ടിയുമായി (എ.എ.പി) ബന്ധമുണ്ടായിരുന്നവരാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ ഭൂരിഭാഗവുമെന്നും ബി.ജെ.പിയെ എതിർക്കുന്നതിൽ മാത്രമാണ് അവർക്ക് താല്പര്യമെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യക്കാർക്ക് അത്ര പരിചിതമായ ഒരു പേരല്ലെങ്കിലും മനീഷ് ബ്രഹ്മഭട്ട് രാഷ്ട്രീയത്തിൽ തുടക്കക്കാരനല്ല. ആരാണ് ഈ ബ്രഹ്മഭട്ടെന്ന് നോക്കാം. 2022 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബ്രഹ്മഭട്ട് പാലൻപുരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ഇദ്ദേഹം. അന്ന് 964 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്താണ് എത്തിയത്. ബിജെപി സ്ഥാനാർഥി അനികേത് ഗിരീഷ്ഭായ് താക്കർ 95,588 വോട്ടുകൾ നേടി ജയിച്ചു.
ബ്രഹ്മഭട്ടിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് തിരഞ്ഞെടുപ്പ് സമയത്ത് 37 വയസ്സായിരുന്നു പ്രായം. മാനേജ്മെന്റ് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നു. ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോമും ഒന്നാം വർഷ എൽഎൽബിയും പൂർത്തിയാക്കിയിരുന്നു. ഏകദേശം 44.42 ലക്ഷം രൂപയായിരുന്നു സ്വത്ത്. പേരിൽ 4 ക്രിമിനൽ കേസുകളുണ്ടായിരുന്നു.
എന്നാൽ കോക്രോച്ച് ജനത പാർട്ടി പിളർന്നുവെന്ന വാർത്ത തള്ളുകയാണ് അഭിജിത് ദീപ്കെ. മനീഷ് ബ്രഹ്മ്ഭട്ടിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മഹേഷ് ഭട്ട്’ സംവിധായകനും നിർമാതാവുമാണെന്ന് പറഞ്ഞ് ചിരിക്കുകയാണ് ദീപ്കെ ചെയ്തത്.
അഭിജിത് ദീപ്കെ നയിക്കുന്ന സിജെപി ആം ആദ്മി പാർട്ടിയുടെ കരുക്കൾ അനുസരിച്ചാണ് നീങ്ങുന്നതെന്നാണ് വിമതരുടെ ആരോപണം. സിജെപി വോളന്റിയറായിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തിൽ CJP-D(കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക്ക്) എന്ന പുതിയ കൂട്ടായ്മയാണ് രൂപീകരിച്ചത്.
കേജ്രിവാളിന്റെയും എ.എ.പി-യുടെയും രാഷ്ട്രീയ താല്പര്യങ്ങള് സംരക്ഷിക്കുന്ന ആളുകള്‍ യഥാര്‍ത്ഥ പ്രസ്ഥാനത്തെ കൈയടക്കിയെന്നാണ് ബ്രഹ്മഭട്ട് ആരോപിക്കുന്നത്. ‘ഇന്ന് ഞങ്ങള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക് ആരംഭിക്കുകയാണ്. ജനങ്ങളുടെ രക്തത്തിലും വിയര്‍പ്പിലും പടുത്തുയര്‍ത്തിയ യഥാര്‍ത്ഥ കോക്രോച്ച് ജനതാ പാര്‍ട്ടി ടീം, പിന്നീട് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി മാത്രം തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘമായി മാറിയതാണ് ഇതിന് കാരണം. രാഷ്ട്രീയ കച്ചവടങ്ങള്‍ നടത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികളോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളോ നേരിടുന്ന പ്രശ്നങ്ങള്‍ക്കായി പോരാടാന്‍ അവര്‍ക്ക് താല്പര്യമില്ല; പകരം, കേജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ട് ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ പിന്തുണയ്ക്കാന്‍ വേണ്ടി മാത്രം ബി.ജെ.പിയെ എതിര്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്,’ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ-യോട് ബ്രഹ്മഭട്ട് പറഞ്ഞു.
മുൻപ് ഓഗസ്റ്റിൽ, സി.ജെ.പിയുടെ കോർ ടീം ദിപ്കെയുടെ വസതിയിൽ യോഗം ചേരുന്നുണ്ടെന്നറിഞ്ഞ് മനീഷ് ബ്രഹ്മഭട്ട് ഗുജറാത്തിൽ നിന്ന് ഛത്രപതി സംഭാജിനഗറിലേക്ക് യാത്ര ചെയ്തിരുന്നു. ജന്തർ മന്തർ പ്രതിഷേധത്തിൽ സജീവമായിരുന്ന വോളന്റീയർമാരെ ചർച്ചകളിൽ നിന്ന് ഒഴിവാക്കി എന്ന് ആരോപിച്ച് ബ്രഹ്മഭട്ടും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ രാഹുൽ പാണ്ഡ്യയും ദിപ്കെയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ ആരോഗ്യം വഷളായതിനെ തുടർന്ന് ഇരുവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് മാധ്യമ റിപ്പോർട്ടുകളിൽ ബ്രഹ്മഭട്ടിനെ ഒരു ‘സി.ജെ.പി പ്രവർത്തകൻ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
യുവാക്കൾ അവരുടെ ചോരയും വിയർപ്പും ഒഴുക്കിയാണ് സിജെപിയെ വളർത്തിയത്. സംഘടനയുടെ ശക്തമായി മുന്നോട്ടു പോകുമ്പോൾ അതിനെ വിൽക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്തു. ഇപ്പോൾ സിജെപി ടീം കെജ്രിവാളായി. ജന്തർമന്തറിൽ പ്രതിഷേധത്തിനെത്തിയ ആരെയും പരിഗണിക്കാതെ സ്വന്തം വീടുകളിലെ സുഖസൗകര്യങ്ങളിലിരുന്ന് 12 അംഗ നേതൃസംഘത്തെ നിശ്ചയിക്കുകയാണ് സിജെപി നേതാക്കൾ ചെയ്തതെന്നും വിമത വിഭാഗം വിമർശനം ഉന്നയിച്ചിട്ടുണ്ട്.
നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന തീരുമാനം ഏകപക്ഷീയമാകരുതെന്ന ആഗ്രഹം വിമത വിഭാഗം അറിയിച്ചിരുന്നെങ്കിലും അവയെല്ലാം തള്ളിയാണ് തീരുമാനമുണ്ടായതെന്നും ബ്രഹ്മ്ഭട്ട് ആരോപിക്കുന്നുണ്ട്. ഇത്തരമൊരു സംഘത്തെ രൂപീകരിച്ചതിന് പിന്നിലും അരവിന്ദ് കെജ്രിവാളാണെന്നും ആരംഭത്തിലെ സംശയം ഉണർത്തുന്ന രീതിയിലാണ് കെജ്രിവാളിന്റെ പ്രവർത്തിയെന്നും ഭട്ട് പറയുന്നു. സി.ജെ.പിയുടെ ടീമിലേക്ക് തിരഞ്ഞെടുത്ത എട്ടുപേര്‍ക്ക് എ.എ.പി-യുമായി ബന്ധമുണ്ടെന്ന ഒരു ആരോപണവുമുണ്ട്. എന്നാല്‍ ഈ അവകാശവാദം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സി.ജെ.പിയുടെ നേതൃത്വത്തിന്റെ ഘടനയെ ചോദ്യം ചെയ്ത ബ്രഹ്മഭട്ട്, ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തെ പിന്തുണച്ച ആളുകള്‍ക്കോ വിഭാഗങ്ങള്‍ക്കോ അതില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന ആരോപണവും ഉയർത്തുന്നു.
ചീഫ് ജസ്റ്റിസിന്റെ ഒരു പരാമർശത്തിന് പിന്നാലെ മെയ് 16-നാണ് അഭീജിത് ദിപ്കെ ഒരു പരിഹാസരൂപേണയുള്ള ഓണ്‍ലൈന്‍ പ്രസ്ഥാനമായി സി.ജെ.പിക്ക് രൂപം നല്‍കിയത്. ഇത് പിന്നീട് തൊഴിലില്ലായ്മ, പരീക്ഷാ ചോര്‍ച്ച, വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന യുവാക്കളുടെ ഒരു വേദിയായി വളരുകയായിരുന്നു.




