ന്യൂഡൽഹി: എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എയർ ഇന്ത്യ. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
പൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് ഇന്ന് പുറത്തുവന്നത്. പ്രവർത്തനപരവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടതുമായ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കർശന പരിശീലനം, മെഡിക്കൽ പരിശോധന, മറ്റ് നിയന്ത്രണ വിലയിരുത്തലുകൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് പൈലറ്റുമാരെ നിയോഗിക്കുന്നതെന്നും എയർ ഇന്ത്യ വിശദീകരിച്ചു.
സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പൈലറ്റുമാരുടെയും പരിശോധനകൾ സ്വമേധയാ ആരംഭിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ, ശാരീരികക്ഷമത, ചട്ടങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന വീഴ്ചകൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഏത് ശുപാർശകളും നടപ്പാക്കാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.


