ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ചെന്ന പരാതിയിൽ ‘ലേഡി അഘോരി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കത്തുന്ന ചിതയിൽനിന്ന് വാൾ ഉപയോഗിച്ച് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാളി നന്ദ് ഗിരി തന്നെയാണ് പകർത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ശ്മശാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഷ്ണു മഹാരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്മശാനത്തിൽ അതിക്രമിച്ച് കയറിയത്, സംസ്കാരച്ചടങ്ങുകൾ തടസ്സപ്പെടുത്തിയതും മൃതദേഹത്തെ അപമാനിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കാളി നന്ദ് ഗിരിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കാളി നന്ദ് ഗിരി ജനനസമയത്ത് പുരുഷനായിരുന്നുവെന്നും അല്ലൂരി ശ്രീനിവാസ് എന്നായിരുന്നു പേര് എന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് ട്രാൻസ്‌ജെൻഡർ വ്യക്തിത്വം സ്വീകരിക്കുകയായിരുന്നു. മതപരമായ സ്ഥലങ്ങളും ആചാരങ്ങളും സംബന്ധിച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെക്കാറുണ്ട്.
അതേസമയം, താന്ത്രിക ചടങ്ങുകളുടെ പേരിൽ തെലങ്കാന സ്വദേശിയായ ഒരു സ്ത്രീയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയും കാളി നന്ദ് ഗിരിക്കെതിരെയുണ്ടെന്ന് ഉജ്ജയിൻ എസ്.പി. പ്രദീപ് ശർമ പറഞ്ഞു. ഇവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കാളി നന്ദ് ഗിരിയുടെ നടപടിയെ ജൂന അഖാരയിലെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി അപലപിച്ചു. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.



