കോഴിക്കോട്: ആറുവരി ദേശീയപാതയിൽ നിയമം ലംഘിച്ച് കെഎസ്ആർടിസി ബസ് ഓടിച്ചതായി പരാതി. കോഴിക്കോട് ബൈപ്പാസിൽ ഏകദേശം ആറ് കിലോമീറ്ററോളം ദൂരം ബസ് തെറ്റായ ദിശയിൽ സർവീസ് നടത്തിയെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
രാമനാട്ടുകരയ്ക്ക് സമീപമുള്ള മേൽപ്പാലത്തിലൂടെയാണ് യാത്രക്കാരുമായി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് തെറ്റായ ദിശയിൽ സഞ്ചരിച്ചത്. സംഭവത്തിൽ നിയമലംഘനം സ്ഥിരീകരിച്ചാൽ ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ആറുവരി ദേശീയപാതയിൽ സമാനമായി തെറ്റായ ദിശയിൽ സർവീസ് നടത്തിയ സ്വകാര്യ ബസിനെതിരെ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചിരുന്നു. ‘കൃതിക’ ബസിന് 7,500 രൂപ പിഴ ചുമത്തുകയും നിയമലംഘനം നടത്തിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ദേശീയപാതയിൽ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.




