കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രാർത്ഥനാ യോഗങ്ങൾക്കും ഗൃഹസന്ദർശനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായതായി ആരോപണം. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില ക്രിസ്ത്യൻ സംഘടനകൾ പ്രാർത്ഥനാ യോഗങ്ങളും ഗൃഹസന്ദർശനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ട്.
ഹൗറയിലെ ഉലുബേരിയയിൽ ഓഗസ്റ്റ് 23ന് നടന്ന പ്രാർത്ഥനാ യോഗത്തിനിടെ ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി പാസ്റ്ററെയും വിശ്വാസികളെയും മർദിക്കുകയും കെട്ടിടത്തിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പാസ്റ്റർ മിഥുൻ ഹസ്ര ആരോപിച്ചു. ഏകദേശം 60 പേർ യോഗത്തിൽ പങ്കെടുത്തിരുന്നു. സൗണ്ട് സിസ്റ്റം, പോഡിയം, മേശ, കസേര, ഫാൻ തുടങ്ങിയവ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പാസ്റ്ററെയും വിശ്വാസികളെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹൗറ റൂറൽ പൊലീസ് അറിയിച്ചു.
സംഭവം ഒറ്റപ്പെട്ടതല്ലെന്നാണ് ബംഗാൾ ക്രിസ്റ്റ്യൻ കൗൺസിൽ സ്ഥാപകൻ ഹെറോദ് മല്ലിക്കിന്റെ ആരോപണം. ഓഗസ്റ്റ് 30ന് ജഗത്വല്ലഭ്പൂരിലും ഹിംഗൽഗഞ്ചിലും വീടുകളിൽ നടന്ന പ്രാർത്ഥനാ യോഗങ്ങൾക്കും സമാനമായ തടസ്സങ്ങൾ നേരിട്ടതായി അദ്ദേഹം പറഞ്ഞു.
പൂർബ ബർധമാനിലെ സഹാനഗറിലുള്ള സെന്റ് ക്ലാരറ്റ് പള്ളിയിൽ ഓഗസ്റ്റ് 14ന് നടന്ന സംസ്കാര ചടങ്ങ് തടസ്സപ്പെടുത്തിയതായും ആരോപണമുണ്ട്. സംസ്കാരത്തിനായി ഉപയോഗിച്ച ഭൂമിയുടെ കാര്യത്തിൽ ചിലർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് എതിർപ്പുണ്ടായതെന്നാണ് പൊലീസ് വിശദീകരണം. തുടർന്ന് മൃതദേഹം മറ്റൊരു സെമിത്തേരിയിലേക്ക് മാറ്റേണ്ടിവന്നതായി വികാരി ഫാദർ സാമുവൽ ഹെംബ്രോം പറഞ്ഞു.
ഹൗറയിലെ ഗുസുരിയിലും കിഴക്കൻ മിഡ്നാപൂരിലെ ചെക്ക് മൈൽപോസ്റ്റിലും പ്രാർത്ഥനാ യോഗങ്ങൾക്കിടെ മർദനം ഉണ്ടായതായി ക്രിസ്ത്യൻ വിഭാഗം ആരോപിച്ചു. ഭയം കാരണം ആദ്യം പരാതി നൽകാതിരുന്ന ചിലർ പിന്നീട് ഇമെയിൽ വഴി പൊലീസിനെ സമീപിച്ചതായും സംഘടനകൾ അറിയിച്ചു.
അതേസമയം, നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ആരോപിച്ചാണ് ചിലർ ഇത്തരം നടപടികളെ ന്യായീകരിക്കുന്നത്. പണം നൽകി നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാണ് സിംഗാ വാഹിനി പ്രസിഡന്റ് ദേബ്ദത്ത മാജിയുടെ ആരോപണം.
മതവിശ്വാസം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച ആരോപണങ്ങൾ നിയമപ്രകാരം കൈകാര്യം ചെയ്യണമെന്നും മന്ത്രി ക്ഷുദിറാം ടുഡു പറഞ്ഞു. അതേസമയം, ഇത്തരം സംഭവങ്ങളിലൂടെ ബിജെപി ഭയത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ബിജെപി രാജ്യസഭാ എംപി രാഹുൽ സിൻഹ പ്രതികരിക്കാൻ വിസമ്മതിച്ചു.


