മലപ്പുറം: കുരിപ്പൊയിലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. ഫ്രിഡ്ജിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുരിപ്പൊയിൽ സ്കൂളിന് സമീപം കുമാരമംഗലത്ത് സുബ്രഹ്മണ്യന്റെ വീടാണ് തീപിടിത്തത്തിൽ ഭാഗികമായി കത്തിനശിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അപകടസമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. വൈദ്യുതി ലൈനിൽ അമിത വോൾട്ടേജ് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഫ്രിഡ്ജിൽ നിന്ന് പടർന്ന തീയിൽ രണ്ട് മുറികളും സ്റ്റോക്ക് റൂമും അലമാരയും ഉൾപ്പെടെ വീടിന്റെ വലിയൊരു ഭാഗം കത്തിനശിച്ചു. വീടിന്റെ മേൽക്കൂരയ്ക്കും ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ വീട് താമസയോഗ്യമല്ലാത്ത നിലയിലായി.
മകന്റെ ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന ഏകദേശം ഒരു ലക്ഷം രൂപ, രണ്ട് പവനോളം സ്വർണാഭരണങ്ങൾ, ചികിത്സാ രേഖകൾ, ആധാർ കാർഡ്, പാൻ കാർഡ്, എസ്എസ്എൽസി ബുക്ക് ഉൾപ്പെടെയുള്ള പ്രധാന രേഖകളും കത്തിനശിച്ചു. ഫ്രിഡ്ജ്, അലമാര തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങളും പൂർണമായും നശിച്ചു.
പ്രദേശത്ത് വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. ഇതിന് ശേഷം ലൈൻ ചാർജ് ചെയ്ത സമയത്താണ് അമിതമായ വൈദ്യുതി പ്രവാഹമുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ് സംവിധാനങ്ങളും തകരാറിലായതായും നാട്ടുകാർ പറഞ്ഞു. സുബ്രഹ്മണ്യൻ കൂലിത്തൊഴിലാളിയും ഭാര്യ രുഗ്മിണി ആശാവർക്കറുമാണ്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്.




