പുറത്ത് കുറച്ച് സമയം വെയിലത്ത് നിൽക്കേണ്ടി വന്നാൽ തലവേദന, ക്ഷീണം, തലകറക്കം, അമിതദാഹം തുടങ്ങിയ ലക്ഷണങ്ങൾ തോന്നാറുണ്ടോ? വേനൽക്കാലത്ത് മാത്രമല്ല, അന്തരീക്ഷ താപനിലയും ഈർപ്പവും കൂടുതലുള്ള ദിവസങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. വെയിലേറ്റ ശേഷമുള്ള തലവേദനയ്ക്ക് പ്രധാന കാരണം ഡീഹൈഡ്രേഷൻ ആണ്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തത്തിലെ അളവിലും രക്തചംക്രമണത്തിലും മാറ്റമുണ്ടാകാം. ഇത് തലവേദനയിം ക്ഷീണവും ഉണ്ടാക്കാം. ഇതിനൊപ്പം ഉറക്കക്കുറവു കൂടിയുണ്ടെങ്കിൽ തലവേദന തീവ്രമാകാനും സാധ്യതയുണ്ട്.
കൂടാതെ അമിതമായ ചൂടിൽ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന സംവിധാനം കൂടുതൽ പ്രവർത്തിക്കേണ്ടിവരും. ഇതിന്റെ ഭാഗമായി തലവേദന, ക്ഷീണം, ബലഹീനത, ഓക്കാനം എന്നിവ ഉണ്ടാകാം. ഇത്തരത്തിൽ തലവേദന തോന്നിയാൽ ആദ്യം തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്തേക്ക് മാറുക എന്നതാണ് പ്രധാനം. ശേഷം വെള്ളം കുടിക്കുക. ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്നതിനു പകരം ഇടവിട്ട് ആവശ്യത്തിന് വെള്ളം കുടിക്കാം.
വളരെ അധികം വിയർത്തിട്ടുണ്ടെങ്കിൽ, സാധാരണ ഭക്ഷണത്തിലൂടെയോ അനുയോജ്യമായ ഇലക്ട്രോലൈറ്റ് പാനീയത്തിലൂടെയോ നഷ്ടപ്പെട്ട ലവണങ്ങൾ പുനഃസ്ഥാപിക്കേണ്ടി വരാം. തണുത്ത വെള്ളത്തിൽ നനച്ച തുണി കഴുത്തിലും നെറ്റിയിലും ശരീരത്തിന്റെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഭാഗങ്ങളിലും വയ്ക്കാം. കട്ടിയുള്ള വസ്ത്രങ്ങൾ മാറ്റി ശരീരത്തിന് വായു ലഭിക്കുന്ന രീതിയിൽ വിശ്രമിക്കുക.
തലവേദന കുറഞ്ഞുവെന്ന് കരുതി ഉടൻ തന്നെ പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക. ശരീരത്തിന് സാധാരണ താപനിലയിലേക്കും ജലാംശ നിലയിലേക്കും തിരിച്ചെത്താൻ സമയം നൽകണം.
ഭക്ഷണം ഒഴിവാക്കിയിട്ടുണ്ടെങ്കിൽ പഴങ്ങൾ, കഞ്ഞി, ചോറ്, പച്ചക്കറികൾ തുടങ്ങിയ പോഷകസമൃദ്ധമായ ലഘുഭക്ഷണം കഴിക്കാം. അമിതമായി എണ്ണയും മസാലയും അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്. വളരെ ഉയർന്ന ശരീരതാപനില, ആശയക്കുഴപ്പം, ബോധാവസ്ഥയിൽ മാറ്റം, സംസാരിക്കാൻ ബുദ്ധിമുട്ട്, നടക്കാൻ ബുദ്ധിമുട്ട്, ബോധക്ഷയം, കുഴഞ്ഞുവീഴൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഹീറ്റ് സ്ട്രോക്ക് പോലുള്ള അടിയന്തരാവസ്ഥയുടെ സൂചനയാകാം. ഇത്തരം സാഹചര്യത്തിൽ വീട്ടിൽ കാത്തിരിക്കാതെ അടിയന്തര വൈദ്യസഹായം തേടണം.




