പത്തനംതിട്ട: ലോറിയിൽ തടി കയറ്റുന്നതിനിടെ തടി കഷ്ണം ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കുളത്തൂപ്പുഴ ചോഴിയക്കോട് തകരമൺ പൂവണത്തുമൂട് ഉന്നതി സ്വദേശി സാംബൻ (46) ആണ് മരിച്ചത്. അടൂർ കണ്ണങ്കോട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരങ്ങൾ മുറിച്ച് ലോറിയിൽ കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി ഒരു തടി കഷ്ണം തെറിച്ച് സാംബന്റെ ദേഹത്ത് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ സാംബനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയോധികയായ അമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സാംബൻ. സുനിതയാണ് ഭാര്യ. ശ്യാം, ശരത്, ശരൺ എന്നിവരാണ് മക്കൾ.




