റിയാദ്: ഡിജിറ്റല്‍ സാമ്പത്തിക രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ആഗോള തലത്തില്‍ മുന്നേറുന്നതിനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ കരാറുകള്‍ ഒപ്പിട്ട് സൗദി അറേബ്യ. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും ആകര്‍ഷിച്ച ആഗോള ടെക് ഉച്ചകോടി ‘ലീപ്പ് 2026’ അഞ്ചാം പതിപ്പില്‍ 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപങ്ങളും ധാരണാപത്രങ്ങളുമാണ് സൗദി ഒപ്പുവെച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, വിപിഐ നിക്ഷേപങ്ങള്‍ എന്നിവയിലാണ് പ്രധാന കരാറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി 530 കോടി ഡോളര്‍ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ആദ്യ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 2026 ഡിസംബറോടെ പ്രവര്‍ത്തനക്ഷമമാകും. കൂടാതെ, രാജ്യത്തെ ഡാറ്റാ സെന്ററുകള്‍ അത്യാധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 120 കോടി ഡോളറിന്റെ മറ്റൊരു നിക്ഷേപ കരാറിലും ഉച്ചകോടിയുടെ അവസാന ദിനങ്ങളില്‍ ഒപ്പുവെച്ചു.
ഉച്ചകോടിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പങ്കാളിത്തം അഡോബുമായി ചേര്‍ന്നുള്ള 400 കോടി ഡോളറിന്റെ പുതിയ കരാറാണ്. ഇതിലൂടെ സൗദിയിലെ 13 വയസ്സിന് മുകളിലുള്ള 2.7 കോടിയോളം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു വര്‍ഷത്തേക്ക് അഡോബ് പ്രീമിയം സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാന്‍ അവസരമൊരുങ്ങും. കൂടാതെ, സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകവും സവിശേഷതകളും പ്രതിഫലിപ്പിക്കുന്ന പ്രത്യേക എ.ഐ ഇമേജ് ജനറേഷന്‍ ടൂള്‍ വികസിപ്പിക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്.




