തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ക്ഷേത്ര ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, അസിസ്റ്റന്റ് ദേവസ്വം ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ കെ.എൻ. വിനന്ദൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിക്കാതെ ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്ന് കാണിക്കാൻ ശ്രമം നടക്കുന്നതായാണ് ഉപദേശക സമിതിയുടെ ആരോപണം.
2025-26 വർഷത്തെ ഉത്സവത്തിനായി ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മൂന്ന് കോടിയിലധികം രൂപ സമാഹരിച്ച് നൽകിയിരുന്നു. എന്നാൽ ഉത്സവം കഴിഞ്ഞപ്പോൾ ഏകദേശം 35 ലക്ഷം രൂപ കടമുണ്ടെന്ന് ദേവസ്വം ഓഫീസറും വിനന്ദനും അറിയിച്ചതായി സമിതി പറയുന്നു.
ഉത്സവത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്ത ദേവസ്വം ഓഫീസറും സഹായിയും, ഉപദേശക സമിതി ഭാരവാഹികളിൽ നിന്ന് മുൻകൂട്ടി ഒപ്പിട്ട് വാങ്ങിയ ചെക്കുകൾ സമിതിയുടെ അറിവോ അനുമതിയോ ഇല്ലാതെ ഉപയോഗിച്ചതായും പരാതിയിൽ ആരോപിക്കുന്നു. വരവ്-ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കണക്കുകൾ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് മന്ത്രിക്ക് പരാതി നൽകിയതെന്നും സമിതി വ്യക്തമാക്കി.
ആനയൂട്ട് ചടങ്ങിനായി മൂന്ന് ആനകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ടും ക്രമക്കേട് ആരോപണമുണ്ട്. 65,000 രൂപയ്ക്ക് മൂന്ന് ആനകളെ ലഭ്യമാക്കാമെന്ന് ഉപദേശക സമിതി അംഗം അറിയിച്ചിരുന്നെങ്കിലും 30,000 രൂപയ്ക്ക് ആനകളെ എത്തിക്കാമെന്ന് ദേവസ്വം ഓഫീസർ ഉറപ്പ് നൽകിയതായി സമിതി പറയുന്നു. എന്നാൽ പിന്നീട് ആറ് ആനകളെ എത്തിക്കുകയും ഇതിനായി 1.90 ലക്ഷം രൂപയിലധികം ദേവസ്വം ഓഫീസർ സ്വന്തം നിലയിൽ ചെലവഴിക്കുകയും ചെയ്തെന്നാണ് ആരോപണം. ഓണക്കാലത്ത് എറണാകുളത്തപ്പൻ ഗ്രൗണ്ട് വാടകയ്ക്ക് നൽകിയതിലും ക്ഷേത്രത്തിനും ദേവസ്വത്തിനും സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി പരാതിയിൽ ആരോപിക്കുന്നു.
അടുത്ത ഉത്സവത്തിനായി ഒരു ഏജന്റിന് മൂന്ന് ലക്ഷം രൂപ മുൻകൂറായി നൽകാൻ ചെക്ക് ഒപ്പിട്ട് നൽകണമെന്ന് ദേവസ്വം ഓഫീസർ ആവശ്യപ്പെട്ടതായും സമിതി ആരോപിച്ചു. എന്നാൽ സുതാര്യമായ ടെൻഡർ നടപടിയിലൂടെ മാത്രമേ പണം നൽകൂവെന്ന് ഉപദേശക സമിതി നിലപാടെടുത്തതോടെ ദേവസ്വം ഓഫീസർ സഹകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ഉത്സവത്തിൽ ജോലി ചെയ്ത കരാറുകാർക്കും തൊഴിലാളികൾക്കും നൽകേണ്ട പണം നൽകാൻ ദേവസ്വം ഓഫീസർ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് ചെക്കിൽ ഒപ്പിടാൻ തയ്യാറായില്ലെന്നും സമിതി ആരോപിച്ചു. തുടർന്ന് പ്രതിഷേധം ഒഴിവാക്കാൻ ഉപദേശക സമിതി അംഗങ്ങളിൽ നിന്ന് പ്രസിഡന്റ് കടമായി പണം ശേഖരിച്ച് കരാറുകാർക്ക് ഭാഗികമായി നൽകിയതായും പരാതിയിൽ പറയുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ നിഷേധിച്ചു. ക്ഷേത്രത്തിലെ കണക്കുകൾ സുതാര്യമാണെന്നും ഈ മാസം 16ന് കണക്കുകൾ അവതരിപ്പിക്കാമെന്ന് ഉപദേശക സമിതി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാല് വർഷമായി താനാണ് ദേവസ്വം ഓഫീസറെന്നും ഉത്സവത്തിന് ശേഷം രണ്ട് മാസത്തോളം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നെന്നും അഖിൽ ദാമോദരൻ വ്യക്തമാക്കി. ജീവനക്കാരുടെ കുറവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഭരണമാറ്റത്തെ തുടർന്നുള്ള രാഷ്ട്രീയ താൽപര്യങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും അഖിൽ ദാമോദരൻ ആരോപിച്ചു.


