ന്യൂഡൽഹി: സംഘടനാ തലത്തിൽ അഴിച്ചുപണിയുമായി കോൺഗ്രസ് നേതൃത്വം. പഞ്ചാബിന്റെ ചുമതലയിൽ നിന്ന് മുതിർന്ന നേതാവും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേലിനെ മാറ്റി. പകരം സച്ചിൻ പൈലറ്റിന് പഞ്ചാബിന്റെ ചുമതല നൽകി.
രാഹുൽ ഗാന്ധിയുടെ പഞ്ചാബ് യാത്രയ്ക്ക് തൊട്ടുമുമ്പാണ് ചുമതലയിൽ മാറ്റം വരുത്തിയത്. ഭൂപേഷ് ഭാഗേൽ തുടരുകയാണെങ്കിൽ രാഹുൽ ഗാന്ധിയുടെ യാത്രയുമായി സഹകരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി നിലപാട് സ്വീകരിച്ചതാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന. എന്നാൽ ചുമതലയിൽ നിന്ന് മാറ്റുന്ന വിവരം ഭാഗേലിനെ നേരത്തെ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്രയുടെ ഒരുക്കങ്ങൾക്കായി കഴിഞ്ഞ ദിവസവും ഭാഗേൽ യോഗം വിളിച്ചിരുന്നു. 2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുകയും സംഘടനയെ ശക്തിപ്പെടുത്തുകയുമാണ് യാത്രയുടെ ലക്ഷ്യം.
യാത്രയ്ക്ക് മുന്നോടിയായി രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ ഡൽഹിയിൽ പഞ്ചാബിലെ കോൺഗ്രസ് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. പഞ്ചാബിന്റെ പുതിയ ചുമതല ലഭിച്ച സച്ചിൻ പൈലറ്റിനെ ചരൺജിത് സിംഗ് ചന്നി സ്വാഗതം ചെയ്തു.




