പൂനെ: പ്രതിശ്രുതവരനായ യുവാവിനെ യുവതിയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. റിതേഷ് ഹാംഗെയെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ചേതൻ ചൗധരിയുടെ സുഹൃത്താണ് റിതേഷ്.
ജൂൺ 18നാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും ആൺസുഹൃത്ത് ചേതൻ ചൗധരിയും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൂനെ റൂറൽ എസ്പി സന്ദീപ് ഗിൽ പറഞ്ഞു.
കേതന്റെ കൈകാലുകൾ തല്ലിയൊടിച്ച് പരിക്കേൽപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്യാനുള്ള സിയയുടെയും ചേതന്റെയും പദ്ധതിയെക്കുറിച്ച് റിതേഷിന് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലൊഹാഗഡ് കോട്ടയിൽനിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ചേതൻ റിതേഷിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള ഫോറൻസിക് പരിശോധനയിലാണ് റിതേഷിന്റെ പങ്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. കേതനെ കോട്ടയിൽനിന്ന് എങ്ങനെ തള്ളിയിടണം, കുറ്റകൃത്യത്തിന്റെ തെളിവുകൾ എങ്ങനെ ഇല്ലാതാക്കണം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച ചാറ്റുകൾ ഫോണിൽ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
വഡ്ഗാവ് മാവൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ റിതേഷിനെ സെപ്റ്റംബർ 12 വരെ റിമാൻഡ് ചെയ്തു.
ആസൂത്രിത കൊലപാതകമെന്ന് പൊലീസ്
മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിങ്ങിനിടെ കേതൻ വിശാൽ അഗർവാൾ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതിശ്രുത വധു സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.
കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് തന്നെ കേതനെ കൊല്ലാൻ ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന് ജൂൺ 18ന് കേതനെ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.




