പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലൈാരു നടന്‍! വയസ്സ് 75 ലേക്ക് കടക്കുമ്പോഴും രാജ്യത്തെ യുവാക്കളെ പോലും അസൂയപ്പെടുത്തുന്ന തലയെടുപ്പ്… പറഞ്ഞുവരുന്ന് മറ്റാരെ കുറിച്ചുമല്ല, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തന്നെ. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകത്തെ അടിയറവ് പറയിച്ച, പൗരുഷത്തിന്റെയും ആൺസൗന്ദര്യത്തിന്റെയും ഈ അവസാനവാക്കിന് ഇന്ന് പിറന്നാൾ മധുരം. കാലവും പ്രായവും വെറുമൊരു അക്കമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച്, ഓരോ തലമുറയെയും ഒരുപോലെ വിസ്മയിപ്പിച്ചാണ് ഈ മഹാനടൻ തന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പിറന്നാൾ അവിസ്മരണീയമാക്കുന്നത്.
കേരളത്തിലെ ബാല്യവും യൗവനവും വാർദ്ധക്യവും ഒരുപോലെ നെഞ്ചിലേറ്റിയ നടനാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. 1971-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിൽ വളരെ ചെറിയൊരു വേഷത്തിലൂടെ വെള്ളിത്തിരയിൽ മുഖം കാണിച്ചാണ് അദ്ദേഹം തുടക്കമിട്ടത്. അന്ന് തുടങ്ങിയ ആ അഭിനയ യാത്ര പതുക്കെ പതുക്കെ വലിയൊരു സാമ്രാജ്യത്തിന്റെ നിർമ്മിതിയിലേക്ക് വഴിമാറുകയായിരുന്നു. കാലത്തിന്റെ കള്ളികളിലോ സിനിമകളുടെ എണ്ണത്തിലോ തളച്ചിടാനാവാത്ത ആ അഭിനയ വിസ്മയത്തെ മലയാളി എന്നും നെഞ്ചോട് ചേർക്കുന്നു.
ഭാഷ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ വൈദഗ്ധ്യം പലവട്ടം നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരളത്തിലെ തുളുനാടൻ മലയാളം മുതൽ തെക്കൻ കേരളത്തിലെ തമിഴ് കലർന്ന മലയാളം വരെയുള്ള 14 ജില്ലകളിലെയും പ്രാദേശിക ഭാഷാശൈലികൾ തന്റെ കൈകളിൽ ഭദ്രമാണെന്ന് അഭ്രപാളിയിൽ അദ്ദേഹം തെളിയിച്ചു. അതുകൊണ്ടുതന്നെ ഓരോ നാടിനും മമ്മൂട്ടി തങ്ങളുടെ സ്വന്തം നാട്ടുകാരനാണ്. ഭാഷയുടെ വാമൊഴിവഴക്കങ്ങളെ അതിസൂക്ഷ്മതയോടെ നിരീക്ഷിച്ച് സ്വായത്തമാക്കാനുള്ള അദ്ദേഹത്തിന്റെ പാടവത്തെക്കുറിച്ച് അനവധി സിനിമാപഠനങ്ങൾ വരെ നടന്നിട്ടുണ്ട്.
ആരാധകർ തമ്മിൽ പോരടിക്കുമ്പോഴും മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം എന്നും ആഴമുള്ളതാണ്. മമ്മൂട്ടി വേണ്ടെന്നു വെച്ച കഥാപാത്രങ്ങൾ മോഹൻലാലിലേക്കും, ലാലിനു വേണ്ടി കരുതിയവ മമ്മൂട്ടിയിലേക്കും എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ മമ്മൂട്ടി ചെയ്ത വേഷങ്ങളിൽ മോഹൻലാലോ, ലാൽ തിളങ്ങിയ വേഷങ്ങളിൽ മമ്മൂട്ടിയോ വന്നാൽ ശരിയാവില്ലെന്ന് ആരാധകർ പറയാറുണ്ട്. അതിനൊരു മികച്ച ഉദാഹരണമാണ് ‘കിരീടം’ സിനിമയിലെ സേതുമാധവൻ. ഇതിനെക്കുറിച്ച് നടൻ മുകേഷ് ചോദിച്ചപ്പോൾ മമ്മൂട്ടി നൽകിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു:
“കിരീടം ഞാൻ ചെയ്തിരുന്നെങ്കിൽ മോഹൻലാൽ ചെയ്ത അത്രയും നന്നാവുമോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല, പക്ഷേ അത് വേറൊരു കിരീടം ആകുമായിരുന്നു. മോഹൻലാൽ ചെയ്തതുകൊണ്ടാണ് ആ സിനിമ അത്രയും മികച്ചതായത്. ഓരോ നടനും കഥാപാത്രത്തെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്.”
അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിലാണ് മമ്മൂട്ടി ഇതുവരെ വേഷമിട്ടത്. ‘വടക്കൻ വീരഗാഥ’യിലെ ചതിയൻ ചന്തുവും, ഭാസ്കര പട്ടേലരും, സേതുരാമയ്യരും, പെരുന്തച്ചനുമെല്ലാം ആ അഭിനയ തികവിൽ പിറവിയെടുത്ത അനശ്വര കഥാപാത്രങ്ങളാണ്. യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന ലുക്കിലും പ്രസരിപ്പിലും സ്‌ക്രീനിലെത്തുന്ന മമ്മൂട്ടി എന്നും പ്രേക്ഷകർക്ക് ഒരു അത്ഭുതമാണ്.
സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം നിരവധി പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു. 1998-ൽ പദ്മശ്രീയും, 75-ാം പിറന്നാൾ വർഷത്തിൽ പദ്മഭൂഷൺ ബഹുമതിയും നൽകി രാജ്യം ആദരിച്ചു. ഇതിനുപുറമെ മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര അവാർഡുകളും, മികച്ച നടൻ, രണ്ടാമത്തെ നടൻ, പ്രത്യേക പരാമർശം ഉൾപ്പെടെ ഒൻപത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
വീഞ്ഞുപോലെ പഴകുംതോറും വീര്യം കൂടുന്ന ഈ നടനവൈഭവത്തിന് മുന്നിൽ മലയാളം ഒന്നടങ്കം ശിരസ്സ് നമിക്കുന്നു. പകരക്കാരനില്ലാത്ത ആ അഭിനയ ചക്രവർത്തിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ!













