കൊല്ലം: കൊട്ടിയത്തും പരിസരപ്രദേശങ്ങളിലും പകൽ കെട്ടിടനിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയും രാത്രിയിൽ മോഷണം നടത്തുകയും ചെയ്തിരുന്ന യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി അവിതന്നൂർ രാമസ്വാമിപുരം സ്വദേശി രമേശ് സുഭാഷ് (24) ആണ് അറസ്റ്റിലായത്.
ഉമയനല്ലൂർ മാഞ്ഞാലിമുക്ക് കുറ്റിവിള ഹൗസിൽ മുഹമ്മദ് റാഫിയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന സംഭവത്തിലാണ് അറസ്റ്റ്. മോഷണം നടത്തിയ ശേഷം ബുള്ളറ്റുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ടുപേരിൽനിന്ന് ലഭിച്ച വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ്നാട്ടിലുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ തമിഴ്നാട്ടിലെത്തിയ പോലീസ് സംഘം രമേശ് സുഭാഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി സമാനമായ രീതിയിൽ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
ചാത്തന്നൂർ സി.ഐ. അനീസിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ. വിഷ്ണു സജീവ്, ക്രൈം എസ്.ഐ. അഭിജിത്ത്, സി.പി.ഒമാരായ അഖിൽ, അരുൺ, ഷംനാദ്, പ്രവീൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



