മോസ്കോ: നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ശനിയാഴ്ച മോസ്കോയിലെ ക്രെംലിനിൽ എത്തിയാണ് പുതിനുമായി ചർച്ച നടത്തിയത്. മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ യുദ്ധാവസാനത്തിനായുള്ള പുതിയ സമാധാന നിർദേശങ്ങളാണ് പ്രധാനമായും ചർച്ചയായത്.
ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതികൾ അമേരിക്കൻ പ്രതിനിധികൾ പുതിന്റെ ശ്രദ്ധയിൽപ്പെടുത്തി. നിലവിലെ സാഹചര്യം സങ്കീർണമാണെങ്കിലും സമാധാന ചർച്ചകൾക്ക് മുൻകൈയെടുത്ത ട്രംപിന് നന്ദി അറിയിക്കുന്നതായി പുതിൻ പ്രതിനിധികളോട് പറഞ്ഞതായി റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കി.
കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും നിരവധി നിർണായക സമാധാന ആശയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നതായും റഷ്യൻ അധികൃതർ അറിയിച്ചു. സമാധാന സാധ്യതകൾ സംബന്ധിച്ച് പുതിനും ട്രംപും വരുംദിവസങ്ങളിലും ആശയവിനിമയം തുടരാനാണ് സാധ്യത.
റഷ്യയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സമാധാന ശ്രമങ്ങൾക്ക് തങ്ങൾ തയ്യാറാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, കിഴക്കൻ യുക്രൈനിലെ സൈനിക ലക്ഷ്യങ്ങളിൽ മാറ്റമില്ലെന്ന നിലപാടും റഷ്യ ആവർത്തിച്ചു.
അമേരിക്കൻ പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് മോസ്കോയും കീവും തമ്മിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിനും ധാരണയായി. ശനിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെയാണ് പരസ്പര ആക്രമണങ്ങൾ ഒഴിവാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.
റഷ്യയിലെ ചർച്ചകൾക്ക് ശേഷം യുഎസ് പ്രതിനിധികൾ യുക്രൈനിലേക്ക് തിരിച്ചു. ഞായറാഴ്ച കീവിലെത്തുന്ന സംഘം യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി സമാധാന നിർദേശങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം.




