കൊച്ചി: രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വൈറ്റില കെഎസ്ഇബി ഓഫീസിലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃക്കാക്കര ഡിവിഷനിൽ രാത്രിയിൽ അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതാണ് പ്രതിഷേധത്തിന് കാരണം.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് നാട്ടുകാർ കൂട്ടമായി കെഎസ്ഇബി ഓഫീസിലെത്തിയത്. രാത്രികാലങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുണ്ടെന്നും പലപ്പോഴും യാതൊരു മുന്നറിയിപ്പും നൽകാതെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
തുടർച്ചയായ വൈദ്യുതി മുടക്കം ഓക്സിജൻ സപ്പോർട്ട് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളെ ആശ്രയിക്കുന്ന രോഗികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 1.30ഓടെ പോയ വൈദ്യുതി ബന്ധം പുലർച്ചെ നാലുമണിക്ക് ശേഷമാണ് പുനഃസ്ഥാപിച്ചതെന്നും വെള്ളിയാഴ്ചയും സമാനമായ രീതിയിൽ വൈദ്യുതി മുടങ്ങിയിരുന്നുവെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം സംബന്ധിച്ച് കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്ഥലത്തെത്തി.
പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. രാത്രികാലങ്ങളിലെ അപ്രതീക്ഷിത വൈദ്യുതി മുടക്കിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


