തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നടപടിയുമായി കെപിസിസി. ഇരു വിഭാഗത്തിലും ഉൾപ്പെട്ടവർക്കെതിരെ സംഘടനാ നടപടി സ്വീകരിച്ചു. രമ്യാ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും സംഘർഷമുണ്ടായ വീടിന്റെ ഉടമയും പ്രാദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു.
കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഇരുവരും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലവും ഉൾപ്പെട്ട സംഘർഷത്തെ തുടർന്ന് കെപിസിസി അന്വേഷണ സമിതി മൊഴിയെടുപ്പ് നടത്തിയിരുന്നു. തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.













