ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നേരത്തെ അടച്ചിട്ട കെട്ടിടം അനുമതിയില്ലാതെ കഴിഞ്ഞ വർഷം വീണ്ടും പ്രവർത്തിപ്പിച്ചിരുന്നതായാണ് വിവരം.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില കെട്ടിടമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തകർന്നുവീണത്. ആൺകുട്ടികൾ താമസിച്ചിരുന്ന പിജി ഹോസ്റ്റലിൽ അപകടസമയത്ത് 40ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ആറായി ഉയർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തകർ കൂടുതൽ പരിശോധന നടത്തിവരികയാണ്.


