തൃശൂര്‍: ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ ലെഡ് പെൻസിൽ ഉപയോഗിച്ച് തിരുത്തി സമ്മാനത്തുക തട്ടിയെടുത്ത കേസിൽ പ്രതി ഗുരുവായൂർ ടെമ്പിൾ പൊലീസിന്റെ പിടിയിൽ. കൊല്ലം പുനലൂർ സ്വദേശി ഷാജ് (56) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ 13 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗുരുവായൂർ മാഞ്ചിറ റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന കോട്ടപ്പടി സ്വദേശി സുന്ദരന്റെ പരാതിയിലാണ് അറസ്റ്റ്. സമാന കേസിൽ കാലടി പൊലീസാണ് ഷാജിനെ ആദ്യം അറസ്റ്റ് ചെയ്തത്.
വെളുത്ത കാറിലെത്തി ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാൽ പ്രതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ലായിരുന്നു. തുടർന്ന് കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്താനുള്ള നിർണായക സൂചന ലഭിച്ചത്.
അന്വേഷണത്തിൽ കൊല്ലം ജില്ലയിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് പ്രതി കാറിൽ ഇന്ധനം നിറച്ചതായി കണ്ടെത്തി. ഇന്ധനത്തിന്റെ പണം ഗൂഗിൾ പേ വഴി നൽകിയതായും പൊലീസ് കണ്ടെത്തി. ഡിജിറ്റൽ ഇടപാടിന്റെ വിവരങ്ങൾ പിന്തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ടെമ്പിൾ പൊലീസ് എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കാലടിയിൽ നിന്ന് ഷാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.




