തിരുവനന്തപുരം: മലപ്പുറത്തെ മോർഫിങ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തിയാണ് സുബിൻ ബാബുവിനെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിവിധ സർവീസ് പ്രൊവൈഡർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.
സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ മെറ്റയുമായും പൊലീസ് ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



