ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലാണ് പിൻവലിക്കുക. ഇതിന് പകരമായി യുഡിഎഫ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റോജി എം ജോൺ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി ടൗൺഷിപ്പ് പദ്ധതി കേരളത്തിനും അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിക്കായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കേരളം തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബില്ലിനെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ ആശങ്കകളും മന്ത്രി കേന്ദ്രത്തെ അറിയിച്ചു. കേരളത്തിന് കൂടുതൽ കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ VBSA ബിൽ കൊണ്ടുവന്നത്.













