തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ തിയേറ്റർ ഉടമകളുമായി ചർച്ച നടത്തി. തിയേറ്റർ കവാടത്തിൽ സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്ന നിർദേശം നൽകിയതായി ചർച്ചയ്ക്ക് ശേഷം മേയർ അറിയിച്ചു.
ഭക്ഷണസാധനങ്ങളുടെ വില നേരിട്ട് നിയന്ത്രിക്കാൻ കോർപ്പറേഷന് സാധിക്കില്ലെന്ന് മേയർ വ്യക്തമാക്കി. എന്നാൽ കുട്ടികൾക്കായി കൊണ്ടുവരുന്ന ഭക്ഷണം തിയേറ്ററിനുള്ളിലേക്ക് പ്രവേശിപ്പിക്കണം. ഇതിനായി അനാവശ്യ നിബന്ധനകളോ തടസ്സങ്ങളോ ഉണ്ടാകാതിരിക്കാൻ തിയേറ്റർ ഉടമകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സ്ത്രീകളുടെ ബാഗുകൾ സ്ത്രീ ജീവനക്കാർ തന്നെ പരിശോധിക്കണമെന്നും മേയർ പറഞ്ഞു. സിനിമ കാണാനെത്തുന്നവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള പരിശോധനകളും നടപടികളും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിയേറ്റർ വളപ്പിനുള്ളിൽ മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും നിർദേശിച്ചു. അതേസമയം, ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും മേയർ അറിയിച്ചു.
തിയേറ്ററുകൾക്ക് ലൈസൻസ് ലഭിക്കുന്നതിന് പാലിക്കേണ്ട വിവിധ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ അവ അടിയന്തരമായി തിരുത്തണം. 15 ദിവസത്തിന് ശേഷം വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. തുടർന്ന് കോർപ്പറേഷൻ സ്ക്വാഡുകൾ തിയേറ്ററുകളിൽ നേരിട്ടെത്തി പരിശോധന നടത്തുമെന്നും മേയർ വ്യക്തമാക്കി.


