തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഞായറാഴ്ച സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമാകുന്നത്. അതേസമയം, ഇന്ന് സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.




