പാലക്കാട്: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം ഉൾപ്പെട്ടതായി ആരോപണമുയർന്ന അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിടപാടിൽ കോൺഗ്രസിന് തിരിച്ചടി. ഭൂമി നഷ്ടപ്പെട്ട ആദിവാസികൾ കോൺഗ്രസ് വിടാൻ തീരുമാനിച്ചു. ദൊഡുഗട്ടി ഊരിലെ നൂറിലേറെ കുടുംബങ്ങളാണ് കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേരാനൊരുങ്ങുന്നത്.
കോൺഗ്രസുകാർ തങ്ങളെ വഞ്ചിച്ചെന്നാണ് ഭൂമി നഷ്ടപ്പെട്ടവരുടെ ആരോപണം. കമ്മ്യൂണിസ്റ്റ് പാർട്ടി എപ്പോഴും തങ്ങൾക്കൊപ്പം നിന്നിട്ടുണ്ടെന്നും അതിനാൽ സിപിഐഎമ്മിൽ ചേരാൻ തീരുമാനിച്ചെന്നും ഇവർ പറഞ്ഞു. ദൊഡുഗട്ടിയിലേത് തങ്ങളുടെ ഭൂമിയാണെന്നും അത് കോൺഗ്രസുകാർക്ക് കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും ഭൂമി നഷ്ടപ്പെട്ടവർ വ്യക്തമാക്കി.
തമിഴ്നാട് സ്വദേശികളുടെ കമ്പനി കൈവശപ്പെടുത്തിയതായി ആരോപണമുയർന്ന ഭൂമിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ബുധനാഴ്ച കൊടികുത്തി പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി നഷ്ടപ്പെട്ടവർ കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേരാൻ തീരുമാനിച്ചത്.
അട്ടപ്പാടിയിലെ 28 ഏക്കർ ആദിവാസി ഭൂമിയിടപാടിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പങ്ക് നേരത്തെ റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നിരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വഞ്ചിച്ച് 28 ഏക്കർ വരുന്ന ആദിവാസി ഭൂമി തട്ടിയെടുത്തെന്നായിരുന്നു പരാതി.
തലമുറകളായി കൈമാറിക്കിട്ടിയ പത്ത് ഏക്കർ ഭൂമി നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് പാലൂർ ഊരിലെ ബാലനാണ് പരാതി നൽകിയത്. കോൺഗ്രസ് അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, കോൺഗ്രസ് അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ, പ്രദേശവാസിയായ ശിവകുമാർ എന്നിവർ ചേർന്ന് ഭൂമി തട്ടിയെടുത്തെന്നും പിന്നീട് പലർക്കായി മറിച്ചുവിറ്റ് ലാഭമുണ്ടാക്കിയെന്നുമായിരുന്നു ബാലന്റെ ആരോപണം.
മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, പുതൂർ സിഐ, പാലക്കാട് ഡിസിസി പ്രസിഡന്റ് എന്നിവർക്ക് ബാലൻ പരാതി നൽകിയിരുന്നു. 10 ഏക്കറിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് 2022ലാണ് സംഘം തന്നെ സമീപിച്ചതെന്ന് ബാലൻ പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഭൂമി വിൽക്കാൻ സമ്മതിച്ചെങ്കിലും ആദിവാസി ഭൂമിയായതിനാൽ കളക്ടറുടെ അനുമതി ഉൾപ്പെടെ ആവശ്യമായ രേഖകൾ ശരിയാക്കിയശേഷം മുഴുവൻ തുകയും നൽകാമെന്ന് സംഘം വാഗ്ദാനം ചെയ്തതായും ബാലൻ ആരോപിച്ചു.
എന്നാൽ പല ഘട്ടങ്ങളിലായി 24 ലക്ഷം രൂപ മാത്രമാണ് നൽകിയതെന്നും ബാലൻ പറഞ്ഞു. കഴിഞ്ഞയാഴ്ച മുന്നറിയിപ്പില്ലാതെ അജ്ഞാതർ ഭൂമിയിലെത്തി വേലി കെട്ടിയതായും അവരോട് അന്വേഷിച്ചപ്പോൾ തമിഴ്നാട്ടുകാരിൽനിന്നാണ് ഭൂമി വാങ്ങിയതെന്നാണ് മറുപടി ലഭിച്ചതെന്നും ബാലൻ വ്യക്തമാക്കി.
ഭൂമിയിടപാടിനെതിരെ ആദിവാസികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെയാണ് സിപിഐഎം വിഷയം ഏറ്റെടുത്തത്.


