തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സംസ്ഥാനത്ത് സെപ്തംബർ 13 വരെ നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. നിലവിൽ അനുഭവപ്പെടുന്ന ചൂടിന് മഴ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
സെപ്തംബർ 10 മുതൽ 12 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിനും സമീപത്തെ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി സെപ്തംബർ 10ഓടെ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം, കന്യാകുമാരി തീരത്തും കടലാക്രമണ സാധ്യതയുണ്ട്. ഇന്നലെ രാത്രി മുതൽ വെള്ളിയാഴ്ച രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.












