കൊച്ചി: രാജ്യത്തെ സ്കൂളുകളിൽ സാങ്കേതികവിദ്യയും ആധുനിക ഡിസൈനുകളും സമന്വയിപ്പിച്ചുള്ള സ്മാർട്ട് പഠനരീതികൾക്ക് പ്രചാരമേറുന്നുവെന്ന് ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ പ്രമുഖ ഫർണിച്ചർ ബ്രാൻഡായ ഇന്റീരിയോ ബൈ ഗോദ്റെജ് പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. “ബിയോണ്ട് ദി സ്ക്രീൻസ്: ദി റൈസ് ഓഫ് സ്മാർട്ട് ലേണിംഗ് സ്പേസസ്” എന്ന പേരിലാണ് ഗവേഷണ സെൽ ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
ചർച്ചകൾക്കും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പഠനത്തിനും അനുയോജ്യമായ രീതിയിൽ ഇരിപ്പിടങ്ങൾ മാറ്റാൻ സാധിക്കുന്ന ഫ്ലെക്സിബിൾ ക്ലാസ് മുറികളാണ് 79 ശതമാനം വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത്. സാങ്കേതികവിദ്യയുടെ ഉപയോഗം കുട്ടികളുടെ പഠനമികവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നുവെന്ന് പഠനത്തിൽ പങ്കെടുത്ത 100 ശതമാനം അധ്യാപകരും സാക്ഷ്യപ്പെടുത്തി.

സർവേയിൽ പങ്കെടുത്ത 91 ശതമാനം അധ്യാപകർക്കും ഡിജിറ്റൽ ബോധനരീതികളിൽ ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടുണ്ട്. സർവേയിൽ ഉൾപ്പെട്ട 100 ശതമാനം സ്കൂളുകളും ക്ലാസ് മുറികളിൽ സാങ്കേതികവിദ്യ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും 75 ശതമാനം അധ്യാപകരും ഇത് പ്രധാനമായും സാധാരണ അധ്യാപനത്തിനായി മാത്രമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ക്ലാസ് മുറികളിലെ ഫർണിച്ചറുകൾ ആവശ്യാനുസരണം പുനഃക്രമീകരിക്കാൻ സാധിക്കുന്നത് അധ്യാപന മികവ് കൂട്ടുന്നുവെന്ന് 94 ശതമാനം അധ്യാപകരും വ്യക്തമാക്കി.
സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിച്ച 19 ഇന്ത്യൻ നഗരങ്ങളിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ ശരാശരി 22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് 14.71 ലക്ഷത്തിലധികം സ്കൂളുകളിലായി 24.69 കോടിയിലധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സ്മാർട്ട് സിറ്റീസ് മിഷന്റെ ഭാഗമായി കേന്ദ്ര സർക്കാർ വകയിരുത്തിയ 1.47 ലക്ഷം കോടി രൂപ സാങ്കേതികവിദ്യാധിഷ്ഠിത ക്ലാസ് മുറികളുടെ വളർച്ച വേഗത്തിലാക്കിയെന്ന് ഇന്റീരിയോ ബൈ ഗോദ്റെജ് ബി2ബി ബിസിനസ് മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സമീർ ജോഷി പറഞ്ഞു. ക്ലാസ് മുറികളിൽ കേവലം സ്മാർട്ട് സ്ക്രീനുകൾ മാത്രം പോരെന്നും, വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഇർഗോണമിക് ഫർണിച്ചറുകളും ശബ്ദ ക്രമീകരണങ്ങളും സൗകര്യപ്രദമായ അന്തരീക്ഷവും ചേരുമ്പോഴാണ് പൂർണ്ണമായ സ്മാർട്ട് ലേണിംഗ് സ്പേസ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












