തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടാം പിണറായി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പിഎ മുഹമ്മദ് റിയാസ് കൈക്കൂലിയായി 20.5 കോടി രൂപ സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നല്കിയ കത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. റിയാസിന് ലഭിച്ച കൈക്കൂലി പണം സിഎംആര്‍എല്ലില്‍ നിന്നല്ലെന്നും കോടികളുടെ ഹവാല ഇടപാടുകളാണ് നടന്നിരിക്കുന്നതെന്നും കത്തിൽ പറയുന്നുണ്ട്.
25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നും അത് ദുബായിലേക്ക് കടത്തിയതിന്റെ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും ഇഡി അവകാശപ്പെടുന്നുണ്ട്. ഇവിടെ കൈമാറുന്ന രൂപ ദുബായിൽ അവിടുത്തെ കറൻസിയായി ലഭ്യമാക്കുന്ന ഹവാല ഇടപാടാണ് നടന്നത്. റിയാസിന്റെ സുഹൃത്തുക്കൾ വഴി നടത്തിയ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഡയറിയിൽ ഉണ്ടായിരുന്നു. ഇതെല്ലാം വീണ സമ്മതിച്ചെന്ന് വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
ഇടപാടുമായി ബന്ധപ്പെട്ടവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ തെളിവ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്കു മുമ്പിലാണ് വീണ, പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ സമ്മതിച്ചതായും ഇ.ഡി. വ്യക്തമാക്കുന്നു. വീണ ഒപ്പിട്ട മൊഴിയുടെ പകർപ്പും റിപ്പോർട്ടിനൊപ്പമുണ്ട്.


