തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ചയെന്ന് പരാതി. കുടുംബത്തെ അറിയിക്കാതെ 200 രൂപ നൽകി രോഗിയെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടെന്നാണ് ആരോപണം. ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ട വർക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പേരൂർക്കട പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 25നാണ് ഹസീബിനെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടത്. ഓണം കഴിഞ്ഞ് ഹസീബിനെ കാണാനായി സഹോദരി ആശുപത്രിയിലെത്തിയപ്പോഴാണ് ഉത്രാട ദിവസം വണ്ടിക്കൂലി നൽകി പറഞ്ഞയച്ചതായി അധികൃതർ അറിയിച്ചത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും ഹസീബിനെ കണ്ടെത്താനായില്ല. ഇതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
അതേസമയം, രോഗികളെ പറഞ്ഞുവിടുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗം ഭേദമായാൽ രോഗികളുടെ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞയക്കാറുണ്ടെന്നും യാത്രച്ചെലവിനായാണ് പണം നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഹസീബിനെ ജൂലൈ 30നാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ആഴ്ചയിൽ ഒന്നിലധികം ദിവസങ്ങളിൽ സഹോദരി ആശുപത്രിയിലെത്തി ഹസീബിനെ കാണാറുണ്ടായിരുന്നു.













