തിരുവനന്തപുരം: മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് പരിശീലനം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (SIET) നേതൃത്വത്തിൽ ഈ അധ്യയന വർഷത്തെ എഡ്യൂക്കേഷണൽ ടെക്നോളജി ക്ലബ്ബുകളുടെ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീകാര്യം മൺവിളയിലെ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഏകദിന ശില്പശാല നടന്നത്.
ചുറ്റുപാടുകളിലും വിവിധ മേഖലകളിലും നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾക്കൊപ്പം മുന്നേറാൻ പരിശീലനം ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് ഇന്ന് നിരവധി അറിവിന്റെ സ്രോതസ്സുകൾ ലഭ്യമാണ്. മുമ്പ് അധ്യാപകരായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന അറിവിന്റെ ഉറവിടം. എന്നാൽ ഇന്ന് അധ്യാപകർക്കൊപ്പം വിവിധ സാങ്കേതിക സംവിധാനങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് അറിവ് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അധ്യാപകർ എപ്പോഴും പുതിയ അറിവുകൾ നേടുകയും കാലികമായി തുടരുകയും വേണം. വിദ്യാഭ്യാസ വകുപ്പിലെ വിവിധ സംവിധാനങ്ങൾക്കും ആവശ്യമായ പരിശീലനം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സാങ്കേതികവിദ്യയിൽ ശാക്തീകരിക്കുക, വിദ്യാർത്ഥികളിൽ ശാസ്ത്രബോധം, സാങ്കേതിക ജ്ഞാനം, മൂല്യബോധം എന്നിവ വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
SIET ഡയറക്ടർ ടി. സിബി മുഹമ്മദ്, SCERT ഡയറക്ടർ പ്രൊഫ. ഡോ. കെ.കെ. മഷൂദ്, സീമാറ്റ് ഡയറക്ടർ ആർ. അരുൺകുമാർ, സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. അഹമ്മദുൽ കബീർ എ.പി, SIET സീനിയർ അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. പി.എൽ. അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


