കാൻപൂർ: അമ്മായിയച്ഛന്റെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ മരുമകൾ തന്നെ കൊലപാതകക്കേസിൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപൂരിൽ ഫാർമ വ്യാപാരി വിനീത് മിനോച്ച കൊല്ലപ്പെട്ട കേസിലാണ് മരുമകൾ ശാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കാൺപൂരിലെ കല്യാൺപൂർ ഇന്ദിരാനഗറിലെ ഫ്ലാറ്റിലാണ് ശനിയാഴ്ച വിനീത് മിനോച്ചയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം കവർച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ സംശയം. എന്നാൽ വീട്ടിൽനിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതോടെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയം ശക്തമായി.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മരുമകൾ ശാലു പണം നൽകി ആളുകളെ ക്വട്ടേഷൻ ഏൽപ്പിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.
വീട്ടിൽ വിനീത് മിനോച്ച ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളും സ്വാതന്ത്ര്യമില്ലായ്മയുമാണ് കൊലപാതകത്തിന് കാരണമെന്ന് ശാലു പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്. ഡ്രോയിംഗ് റൂമിലടക്കം വിവിധ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് മകന്റെയും മരുമകളുടെയും നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും സാമ്പത്തിക കാര്യങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.
മുൻ ജീവനക്കാരനായ വിശാൽ ഗൗതമിനെയും ഇയാളുടെ സഹായിയായ രാജ് കിഷോറിനെയും ആറുലക്ഷം രൂപയ്ക്ക് കൊലപാതകത്തിനായി ശാലു ഏൽപ്പിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ രണ്ടുലക്ഷം രൂപ നൽകാനും ബാക്കി തുക പിന്നീട് നൽകാനുമായിരുന്നു ധാരണ.
വിനീത് മിനോച്ചയുടെ വീട്ടിൽ 13 വർഷത്തോളം ജോലി ചെയ്തിരുന്ന വിശാലിന്റെ കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് പ്രതികൾ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ചത്. സംഭവസമയത്ത് വിനീതിന്റെ മകനും മരുമകളും പേരക്കുട്ടിയും പാർട്ടിയിൽ പങ്കെടുക്കാൻ പുറത്തുപോയിരുന്നു. രാത്രി 9.30ഓടെ വിനീത് വീട്ടിൽ തിരിച്ചെത്തിയതോടെയാണ് കൊലപാതകം നടന്നത്.
ആദ്യം തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമെന്നു വരുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു. എന്നാൽ വിനീത് അപ്രതീക്ഷിതമായി പ്രതികളെ കാണുകയും തിരിച്ചറിയുകയും ചെയ്തതോടെ കത്തിയുപയോഗിച്ച് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പേർ സംശയാസ്പദമായി ഫ്ലാറ്റിലേക്ക് പോകുന്നത് കണ്ടെത്തിയതോടെയാണ് അന്വേഷണം മുൻ ജീവനക്കാരനായ വിശാൽ ഗൗതമിലേക്ക് എത്തിയത്. പിന്നീട് വിശാലിനെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ശാലുവിന്റെ പങ്ക് പുറത്തുവന്നത്.
ഫോൺ രേഖകൾ പരിശോധിച്ചതിൽ ശാലുവും വിശാലും തമ്മിൽ മാസങ്ങളായി മുന്നൂറിലധികം തവണ ഫോൺ സംഭാഷണം നടത്തിയതായും നിരവധി വാട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറിയതായും കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിനായി ഡിലീറ്റ് ചെയ്ത നാല്പതോളം സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള സാങ്കേതിക പരിശോധനയും പൊലീസ് നടത്തിവരികയാണ്.
കേസിൽ ശാലുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശാലിനെയും രാജ് കിഷോറിനെയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.



