2026ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്കാരത്തിന്റെ 30 അംഗ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബാഴ്സലോണയുടെ സ്പാനിഷ് യുവ വിസ്മയം ലമീൻ യമാലും 30 അംഗ താരങ്ങളുടെ പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ താരം ഒരു അപൂർവ റെക്കോർഡും സ്വന്തമാക്കി. 20 വയസ് തികയും മുൻപ് തന്നെ ബാല്ലൺ ഡി ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മൂന്ന് തവണ ഇടം പിടിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി ലമീൻ യമാൽ മാറി. നേരത്തെ 2024, 2025 വർഷങ്ങളിലെ മികച്ച താരങ്ങളുടെ പട്ടികയിലും താരം ഇടം നേടിയിരുന്നു. പിന്നാലെയാണ് തുടരെ മൂന്നാം വർഷവും താരത്തിന്റെ പേര് ചേർക്കപ്പെട്ടത്.
2007 ജൂലൈ 13ന് സ്പെയിനിലെ മറ്റാറോയിൽ ജനിച്ച യമാലിന് നിലവിൽ 19 വയസാണ് പ്രായം. എന്നാൽ ഈ പ്രായത്തിനിടയിൽ താരം സ്പെയിനിനായും ബാഴ്സലോണയ്ക്കായും നിരവധി കിരീട നേട്ടങ്ങലിൽ പങ്കാളിയായിക്കഴിഞ്ഞു. ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ നിരവധി തവണ പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഈ ചെറു പ്രായത്തിൽ ഇത്രയും തവണയെന്നത് യമാലിന് മാത്രം സ്വന്തമാണ്. 2024ൽ തന്റെ 17ാം വയസിലാണ് ആദ്യമായി യമാൽ പട്ടികയിൽ ഇടം പിടിച്ചത്. ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാര പട്ടികയിൽ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് അന്ന് യമാൽ സ്ഥാപിച്ചിരുന്നു.













