കൊച്ചി: കാക്കനാട്ടെ വാടകവീട് കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ രാജ് മണ്ഡൽ (30), രാഹുൽ (24) എന്നിവരാണ് അറസ്റ്റിലായത്. ഒഡിഷയിൽനിന്ന് പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച് ട്രെയിൻ മാർഗം കേരളത്തിലെത്തിച്ച കഞ്ചാവുമായാണ് ഇരുവരെയും പിടികൂടിയത്.
എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്തുന്നതിനായി ആദ്യമായാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് എക്സൈസ് അറിയിച്ചു.
പെയിന്റ് ബക്കറ്റുകളിൽ കഞ്ചാവ് നിറച്ച് കംപ്രസ് ചെയ്തശേഷം പശ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു കടത്ത്. ഓരോ യാത്രയും പൂർത്തിയാക്കിയ ശേഷം അതേദിവസം തന്നെ കാരിയർമാർ മടങ്ങുന്നതാണ് രീതിയെന്നും എക്സൈസ് വ്യക്തമാക്കി. വഴിയിൽ പിടിയിലായാൽ രക്ഷപ്പെടുത്താമെന്ന വാഗ്ദാനം നൽകിയാണ് കഞ്ചാവ് മാഫിയ കാരിയർമാരെ ഉപയോഗിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് കാരിയർമാർക്ക് ട്രെയിനിലെ തേർഡ് എസി ടിക്കറ്റിനൊപ്പം 25,000 രൂപ വരെ നൽകുന്നതായും എക്സൈസ് കണ്ടെത്തി. കഞ്ചാവ് കേരളത്തിലെത്തിച്ച ശേഷം ചില്ലറ വിൽപ്പന നടത്താൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കിലോയ്ക്ക് 1,500 മുതൽ 2,000 രൂപ വരെ വിലയ്ക്കാണ് കഞ്ചാവ് വാങ്ങുന്നത്. കേരളത്തിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തുമ്പോൾ ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന രീതിയിലാണ് വിൽപ്പന. ഒരു കിലോ കഞ്ചാവ് അഞ്ച് ഗ്രാം വീതമുള്ള 200 പാക്കറ്റുകളാക്കി ഓരോ പാക്കറ്റിനും 500 രൂപ മുതൽ ഈടാക്കുന്നതായും എക്സൈസ് അറിയിച്ചു.



