തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
എന്നാൽ നാളെയും മറ്റന്നാളുമായി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സെപ്റ്റംബർ 10 മുതൽ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.




