തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. ഇന്നലെ രാത്രി 12.30 വരെ നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിക്കാൻ കാരണമായിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്.
ദേശീയ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുകയാണ്. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായിട്ടുണ്ട്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലെ സെപ്റ്റംബർ മാസങ്ങളെ അപേക്ഷിച്ച് രാജ്യത്താകമാനം ഉയർന്നിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തും പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം 800 മുതൽ 900 മെഗാവാട്ട് വരെ വർധിച്ചിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന ഉപഭോഗം തുടരുന്നതിനാൽ സംസ്ഥാനത്ത് ഏകദേശം 800 മുതൽ 900 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും കണക്കിലെടുത്താണ് ഇന്ന്, സെപ്റ്റംബർ 10ന്, വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെ പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചത്.


