ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് കർണാടക സർക്കാരിന്റെ തീരുമാനം.
അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പൊതുപരിപാടികളുടെ സമയദൈർഘ്യം ക്രമീകരിക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുമാണ് തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. എന്നാൽ കേന്ദ്ര നിർദേശങ്ങൾ അവഗണിച്ചുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കേന്ദ്ര-സംസ്ഥാന തർക്കത്തിനും ഇത് കാരണമാകാനിടയുണ്ട്.




