മലപ്പുറം: നാളെ നടത്താനിരുന്ന ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെട്ട് സമസ്ത നേതൃത്വം. സമ്മേളന സംഘാടക സമിതിക്ക് സമസ്ത നേതൃത്വം കത്ത് നൽകി. ഈ മാസം 23ന് ചേരുന്ന മുശാവറ ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം ഗൗരവമായി ചർച്ച ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് ലീഗ് അനുകൂല വിഭാഗം നടത്തുന്ന എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദേശം. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും കത്തിൽ വ്യക്തമാക്കുന്നു. അന്തിമ തീരുമാനം എടുക്കുന്നതിനായി സംഘാടക സമിതി ഉടൻ യോഗം ചേരും.
നാളെ മലപ്പുറത്താണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വഖഫ് വിശദീകരണ സമ്മേളനം പ്രഖ്യാപിച്ചിരുന്നത്. സമ്മേളന പ്രഖ്യാപനത്തോടെ സമസ്തയിലെ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ.
സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനും മുസ്‌ലിം ലീഗിനുമെതിരെ സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനമാണ് ലീഗ് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നടന്ന സിപിഎം വഖഫ് വിശദീകരണ യോഗത്തിലായിരുന്നു ഉമർ ഫൈസി മുക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഇതിന് മറുപടിയായി അതേ സ്ഥലത്ത് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വിശദീകരണ യോഗം സംഘടിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയാണ് പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.




