യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. എന്നാൽ കാറിലോ ബസിലോ ട്രെയിനിലോ വിമാനത്തിലോ ബോട്ടിലോ യാത്ര ചെയ്യുമ്പോൾ ചിലർക്ക് തലകറക്കം, ഓക്കാനം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. ഒരു യാത്ര മൊത്തത്തിൽ കുളമാക്കാൻ ഇത് മതി, മോഷൻ സിക്ക്നസ് എന്നാണ് ഇതിനെ പറയുക. കണ്ണുകൾ കാണുന്ന ചലനവും അകത്തെ ചെവി തിരിച്ചറിയുന്ന ചലനവും തമ്മിൽ പൊരുത്തക്കേടുണ്ടാകുമ്പോഴാണ് സാധാരണയായി മോഷൻ സിക്ക്നസ് ഉണ്ടാകുന്നത്.
കാര്യമായ മരുന്നൊന്നും ഇതിനില്ല, മോഷൻ സിക്ക്നസിന് കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം. പല മോഷൻ സിക്ക്നസ് മരുന്നുകളും ക്ഷീണമോ ഉറക്കമോ ഉണ്ടാക്കുന്നവയാണ്. ഡിഫെൻഹൈഡ്രാമിൻ, ഡൈമെൻഹൈഡ്രിനേറ്റ്, സ്കോപോളാമിൻ തുടങ്ങിയവയാണ് മരുന്നുകൾ. എന്നാൽ യാത്രയ്ക്കിടെ ഇത് എല്ലായ്പ്പോഴും സാധ്യമാകണമെന്നില്ല. പക്ഷേ ചില മുൻകരുതലുകൾ എടുത്താം കുറേയൊക്കെ ഒഴിവാക്കാം.
- കാറിലോ ബസിലോ മുൻവശത്തെ സീറ്റിൽ ഇരിക്കുക.
- വിമാനത്തിലും ട്രെയിനിലും സാധ്യമെങ്കിൽ വിൻഡോ സീറ്റ് തിരഞ്ഞെടുക്കുക.
- സാധ്യമെങ്കിൽ കിടക്കുകയോ കണ്ണുകൾ അടയ്ക്കുകയോ ഉറങ്ങാൻ ശ്രമിക്കുകയോ ചെയ്യാം.
- ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക.
- മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും പരിമിതപ്പെടുത്തുക.
- ഒരേസമയം വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കുക.
- പുകവലി ഒഴിവാക്കുക. കുറച്ച് സമയത്തേക്ക് പുകവലി നിർത്തുന്നതും സഹായിച്ചേക്കാം.
- പാട്ട് കേൾക്കുന്നതുപോലുള്ള ശ്രദ്ധതിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാം.












