ന്യൂഡൽഹി: രാജ്യത്തെ എല്ലാ എയർലൈനുകളിലെയും പൈലറ്റുമാർക്ക് സൈക്കോ ആക്ടീവ് ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള പരിശോധന നടത്താൻ ഡിജിസിഎ നിർദേശം നൽകി. അടുത്ത വർഷം ജൂലൈയ്ക്കുള്ളിൽ എല്ലാ പൈലറ്റുമാരുടെയും പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദേശം. കഴിഞ്ഞ മാസം എയർ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി.
ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച നിർദേശം എയർലൈനുകൾക്ക് ഡിജിസിഎ നൽകിയത്. രാജ്യത്തെ വിവിധ എയർലൈനുകളിലായി ഏകദേശം 14,000 പൈലറ്റുമാരാണുള്ളത്. ഫുക്കറ്റ്–ഡൽഹി വിമാനവുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെയാണ് എല്ലാ എയർലൈനുകളിലെയും പൈലറ്റുമാർക്ക് ഡ്രഗ് ടെസ്റ്റ് നിർബന്ധമാക്കിയത്.
ഇതിന് മുന്നോടിയായി എയർ ഇന്ത്യ ഗ്രൂപ്പ് സ്വന്തം നിലയിൽ എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്സ്പ്രസിലെയും ഏകദേശം 5,000 പൈലറ്റുമാരിൽ ഒറ്റത്തവണ റാൻഡം ഡ്രഗ് ടെസ്റ്റുകൾ ആരംഭിച്ചിരുന്നു.
അതേസമയം, വ്യോമയാന മേഖലയിലെ ജീവനക്കാരുടെ ലഹരി ഉപയോഗം പരിശോധിക്കുന്നതിനുള്ള കൂടുതൽ കർശനമായ ചട്ടങ്ങളുടെ കരട് ഈ മാസം അവസാനത്തോടെ പുറത്തിറക്കിയേക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു അറിയിച്ചു.
നിലവിലെ ചട്ടപ്രകാരം പ്രതിവർഷം 10 ശതമാനം പൈലറ്റുമാരെയാണ് റാൻഡം പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതിന് പകരം എല്ലാ പൈലറ്റുമാർക്കും വർഷത്തിൽ ഒരിക്കൽ ഡോപ്പ് ടെസ്റ്റ് നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഡിജിസിഎയോട് നിർദേശിച്ചിരിക്കുന്നത്.
വ്യോമയാന ജീവനക്കാരിലെ സൈക്കോ ആക്ടീവ് ലഹരിവസ്തുക്കളുടെ ഉപയോഗം പരിശോധിക്കുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിക്കാൻ നേരത്തെ തന്നെ ഡിജിസിഎ തീരുമാനിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യയുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെ പരിശോധന കൂടുതൽ കർശനമാക്കണമെന്ന ആവശ്യം ശക്തമായി.
ലഹരി ഉപയോഗം സ്ഥിരീകരിക്കുന്ന ജീവനക്കാർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്താനാണ് നീക്കം. ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനുള്ള കൂടിയാലോചനകൾ തുടരുന്നതിനിടെയാണ് രാജ്യത്തെ എല്ലാ എയർലൈനുകളിലെയും പൈലറ്റുമാർക്ക് 12 മാസത്തിനുള്ളിൽ ഒറ്റത്തവണ ഡ്രഗ് ടെസ്റ്റ് നടത്താൻ ഡിജിസിഎ നിർദേശം നൽകിയിരിക്കുന്നത്.





Best login portal I have used for this game. No more broken links or downtime, just straight to the fun at luckyplayphlogin.