ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ലഖ്‌നൗവിൽ നിന്ന് ദമാമിലേക്ക് പോയ ഇൻഡിഗോ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6E97 വിമാനമാണ് വൈകിട്ട് 5.45ഓടെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.
വിമാനത്തിലെ ഒരു ക്രൂ അംഗം പേപ്പർ കഷ്ണത്തിൽ ‘ബോംബ്’ എന്ന് എഴുതിയിരിക്കുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരെയും ആറ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ലോക്കൽ പൊലീസും സിഐഎസ്എഫും ചേർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 31നും സമാനമായ സംഭവം അഹമ്മദാബാദ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ദമാമിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അന്ന് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശം എഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പിന്നീട് അത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തിയിരുന്നു.


