ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അപൂർവതയ്ക്ക് ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം സാക്ഷിയാകും. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ ഇന്ത്യൻ ടീം ഉപയോഗിക്കുക സ്റ്റേഡിയത്തിലെ സന്ദർശക ടീമിന്റെ ഡ്രസ്സിങ് റൂമായിരിക്കും.
പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ്. ക്രിക്കറ്റ് പ്രോട്ടോക്കോൾ പ്രകാരം ഔദ്യോഗിക ഹോം ടീമിനാണ് ഹോം ഡ്രസ്സിങ് റൂം അനുവദിക്കുക. ഇതനുസരിച്ച് അഫ്ഗാനിസ്ഥാന് ഹോം ഡ്രസ്സിങ് റൂമും ഇന്ത്യയ്ക്ക് സന്ദർശക ടീമിന്റെ ഡ്രസ്സിങ് റൂമുമാകും ലഭിക്കുക.
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ താരം രമൺ ലാംബയുടെ പേരിലുള്ള ഹോം ഡ്രസ്സിങ് റൂം അഫ്ഗാൻ താരങ്ങൾ ഉപയോഗിക്കും. പ്രകാശ് ഭണ്ഡാരിയുടെ പേരിലുള്ള സന്ദർശക ഡ്രസ്സിങ് റൂമിലാകും ഇന്ത്യൻ താരങ്ങൾ തയ്യാറെടുക്കുക. ടോസ് ഉൾപ്പെടെയുള്ള ഔദ്യോഗിക പ്രോട്ടോക്കോളുകളിലും ഇന്ത്യയെ സന്ദർശക ടീമായാണ് പരിഗണിക്കുക.
സുരക്ഷാ, അടിസ്ഥാനസൗകര്യ വെല്ലുവിളികൾ കാരണം അഫ്ഗാനിസ്ഥാൻ സ്വന്തം നാട്ടിൽ ഹോം മത്സരങ്ങൾ നടത്താറില്ല. എന്നാൽ ഇന്ത്യൻ മണ്ണിൽ നടക്കുന്ന പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ഔദ്യോഗിക ആതിഥേയരാകുന്നതും ഇന്ത്യ സന്ദർശക ടീമാകുന്നതും ഇതാദ്യമായാണ്.
സെപ്റ്റംബർ 13-നാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം. സെപ്റ്റംബർ 15, 17 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ. മൂന്ന് മത്സരങ്ങൾക്കും അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.


