ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ലഭിക്കാതെ പ്രളയബാധിതർ ദുരിതത്തിൽ. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ധനസഹായ വിതരണം വൈകുന്നതായി പരാതി. സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ പല കുടുംബങ്ങളുടെയും കൈകളിലെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ആലപ്പുഴ ജില്ലയിൽ ദുരിതബാധിതർക്കുള്ള ഫീൽഡ് ലെവൽ പരിശോധന പോലും പൂർണമായിട്ടില്ലെന്നാണ് വിവരം. ജില്ലയിലെ മൂന്ന് താലൂക്കുകളിലായി ഒരു ലക്ഷത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലാണ് കൂടുതൽ വീടുകൾ പ്രളയബാധിതമായത്. കുട്ടനാട്ടിൽ മാത്രം 40,000 വീടുകളിൽ വെള്ളം കയറിയെന്നാണ് കണക്ക്.
ഫീൽഡ് പരിശോധനയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സഹായധനം ലഭിക്കുന്നതിനുള്ള നടപടികൾ ഇഴയുകയാണെന്നാണ് പ്രളയബാധിതരുടെ പരാതി. തൊഴിൽ നഷ്ടപ്പെട്ടവർക്ക് നൽകുമെന്ന് പ്രഖ്യാപിച്ച ധനസഹായത്തിന്റെ കാര്യത്തിലും വ്യക്തതയില്ല. ഇതുസംബന്ധിച്ച പരിശോധന പോലും ആരംഭിച്ചിട്ടില്ലെന്നാണ് പരാതി.
വെള്ളപ്പൊക്കം മൂലം തൊഴിൽ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ രണ്ട് പേർക്കാണ് 2,100 രൂപ വീതം സഹായം ലഭിക്കുക. ഭാഗികമായോ പൂർണമായോ വീട് തകർന്നവർക്കുള്ള ധനസഹായത്തിന്റെ കാര്യത്തിലും ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. അതേസമയം, അടുത്ത ആഴ്ച മുതൽ ധനസഹായ വിതരണം ആരംഭിക്കുമെന്ന് എംഎൽഎ റജി ചെറിയാൻ പറഞ്ഞു.
പ്രളയ അടിയന്തര ധനസഹായ വിതരണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി റാന്നിയിലെ വ്യാപാരികളും രംഗത്തെത്തി. റാന്നിയിൽ പ്രളയബാധിതരായ 400 കുടുംബങ്ങൾക്ക് ഇതിനകം അടിയന്തര ധനസഹായം വിതരണം ചെയ്തിട്ടുണ്ട്. 10,000 രൂപ വീതമുള്ള സഹായം ഇനി 694 കുടുംബങ്ങൾക്ക് കൂടി ലഭിക്കാനുണ്ട്.
വ്യാപാരികൾക്കും ധനസഹായ വിതരണത്തിൽ മുൻഗണന നൽകണമെന്നാണ് ആവശ്യം. റാന്നിയിൽ ആകെ 1,094 വീടുകളിലാണ് വെള്ളം കയറിയത്. റാന്നി താലൂക്കിൽ 777 വ്യാപാര സ്ഥാപനങ്ങളും വെള്ളപ്പൊക്കത്തിൽ നാശനഷ്ടം നേരിട്ടു.
നിലവിൽ ധനസഹായ വിതരണത്തിൽ വീടുകൾക്കാണ് മുൻഗണന. ഫ്ളഡ് പോർട്ടലിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും പ്രത്യേകം തരംതിരിച്ചിട്ടില്ലാത്തതിനാൽ ഇവ വേർതിരിച്ച് രേഖപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. അടിയന്തര ധനസഹായ വിതരണം തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇൻഷുറൻസ് തുക ലഭ്യമാക്കാതിരിക്കാൻ കമ്പനികൾ പരമാവധി ശ്രമിക്കുന്നതായി റാന്നിയിലെ വ്യാപാരി രാജേഷ് അറയ്ക്കമണ്ണിൽ പറഞ്ഞു. വ്യാപാരികൾക്കുള്ള ധനസഹായ വിതരണം വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയിലും പ്രളയ ദുരിതാശ്വാസം ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് വിവരം. കോട്ടയം താലൂക്കിൽ മാത്രം 30,000 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്.
ഓണത്തിന് മുൻപ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സഹായം ലഭിക്കാത്തതിന്റെ നിരാശയിലാണ് ദുരിതബാധിതർ. എത്രയും വേഗം ധനസഹായം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. മറ്റ് താലൂക്കുകളിലും സമാനമായ സ്ഥിതിയാണെന്നാണ് റിപ്പോർട്ട്.
എൽആർഡി പോർട്ടലിൽ ദുരിതബാധിതരുടെ വിവരങ്ങൾ ചേർക്കുന്നതിലെ കാലതാമസമാണ് സഹായ വിതരണം വൈകാൻ കാരണമെന്നാണ് വിവരം. പോർട്ടലിലെ സാങ്കേതിക തടസങ്ങളും ദുരിതബാധിതരുടെ എണ്ണം കൂടുതലായതുമാണ് നടപടികൾ വൈകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.













