കാസർകോട്: കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന യുവതിയെയും യുവാവിനെയും വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ എയ്യള സ്വദേശി മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തസ്ലിം ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർക്കളയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലേകാലോടെ കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചെർക്കള മേൽപ്പാലത്തിന് സമീപം എത്തിയപ്പോൾ പൊലീസ് വാഹനം കണ്ടതോടെ തിരിച്ച് അമിതവേഗത്തിൽ കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്നു.
സംശയം തോന്നിയ പൊലീസ് സംഘം കാറിനെ പിന്തുടർന്ന് പിടികൂടി. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ മുഹമ്മദ് ഫൈസലിന്റെ പാന്റ്സിന്റെ കീശയിൽ നിന്ന് ഒരുഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൂന്ന് മൊബൈൽ ഫോണുകളും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.



