കൊച്ചി: കാക്കനാട് സ്വകാര്യ ബസിടിച്ച് ഐ.ടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവർ ബിനോയ് ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ രണ്ട് ലഹരിക്കേസുകളും ഉൾപ്പെടുന്നു. ഡ്രൈവർ അശ്രദ്ധമായും അമിതവേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് എ.സി.പി വ്യക്തമാക്കി. ബിനോയിയുടെ ലഹരി ഉപയോഗം പരിശോധിക്കുന്നതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ഇതിൽ വീഴ്ച വരുത്തുന്ന ബസ് ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അശ്രദ്ധമായി ഓടിച്ച സ്വകാര്യ ബസിടിച്ചാണ് തൃശ്ശൂർ സ്വദേശിനിയായ ഐ.ടി ജീവനക്കാരി അക്ഷര (29) മരിച്ചത്. വീതികുറഞ്ഞ റോഡിൽ അരികുചേർന്ന് നടന്നുപോവുകയായിരുന്ന അക്ഷരയുടെ നേർക്ക് അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. ജിമ്മിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
എറണാകുളത്ത് സ്വകാര്യ ബസുകൾ തുടർച്ചയായി അപകടമുണ്ടാക്കിയ സാഹചര്യത്തിൽ ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് നേരത്തെ പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ, സമാനമായ അപകടങ്ങൾ വീണ്ടും ഉണ്ടാകുമ്പോഴാണ് ക്രിമിനൽ പശ്ചാത്തലമുള്ളവർ ബസ് ജീവനക്കാരായി തുടരുന്നുവെന്ന വിവരം പുറത്തുവരുന്നത്.

ബസ് സർവീസ് നടത്തുന്നതിനിടെ ഒരു ഇരുചക്രവാഹനം മുന്നിൽ മറിഞ്ഞതാണ് വേഗത്തിൽ പോകേണ്ടിവരാൻ കാരണമെന്നാണ് ഡ്രൈവർ ബിനോയ് പൊലീസിന് നൽകിയ മൊഴി. ഇതുമൂലം ബസ് അൽപ്പസമയം വൈകിയെന്നും ഇയാൾ വിശദീകരിച്ചു. എന്നാൽ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ എതിർദിശയിൽ വന്ന മറ്റൊരു ബസ് കൃത്യമായി വേഗം കുറച്ച് കടന്നുപോകുന്നത് കാണാം.
റോഡിൽ നടപ്പാത ഇല്ലാതിരുന്നതും വീതി കുറഞ്ഞതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ച ഘടകങ്ങളാണ്. പരിമിതമായ സ്ഥലത്തുകൂടിയാണ് ബിനോയ് അശ്രദ്ധമായും അമിതവേഗത്തിലും ബസ് ഓടിച്ചത്. സംഭവത്തിൽ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ബിനോയ് നിലവിൽ റിമാൻഡിലാണ്. അപകടമുണ്ടാക്കിയ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




